ന്യൂഡൽഹി: റഫാൽ കരാറിലെ വില വിവരങ്ങൾ വെളിപ്പെടുത്തിയാൽ രാജ്യരക്ഷയെ ബാധിക്കു മെന്നു സർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ വാദിച്ചു. വിലവിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ പാർലമെന്റിൽ പോലും അറിയിച്ചിട്ടില്ല. ഈ വിവരങ്ങൾ വെളിപ്പെടുത്തിയാൽ അത് ശത്രുക്കൾക്കു ഗുണകരമാകുമെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. എന്നാൽ, വില വിവരങ്ങൾ പുറത്തറിയുന്നത് എങ്ങനെ രാജ്യരക്ഷയെ ബാധിക്കുമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ചോദിച്ചു.
പ്രതിരോധമന്ത്രി പോലുമറിയാതെയാണ് കരാറിൽ മാറ്റം വന്നത്. തീരുമാനം എടുത്തു കഴിഞ്ഞ ശേഷമാണ് ഇന്ത്യൻ വ്യോമസേന പോലും ഇക്കാര്യം അറിഞ്ഞത്.
ടെൻഡർ ചട്ടങ്ങൾ ലംഘിച്ച സർക്കാർ നിയമമന്ത്രാലയത്തിന്റെ മുന്നറിയിപ്പും അവഗണിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വില സംബന്ധിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തുന്നത് തങ്ങൾ അതിന് അനുമതി നൽകിയാൽ മാത്രമേ ഉണ്ടാവൂ എന്നായിരുന്നു കോടതിയുടെ മറുപടി. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്നും തങ്ങളതിൽ തീരുമാനമെടുത്തിട്ടില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
റഫാൽ: വില വെളിപ്പെടുത്തരുതെന്നു കേന്ദ്രം
12:53 AM Nov 15, 2018 | Deepika.com