ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ കുന്പസാരം എന്ന കൂദാശയ്ക്കെതിരേ ലേഖനം പ്രസിദ്ധീകരിച്ചതിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടി.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയിലാണ് കുന്പസാരത്തിനെതിരേ ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖനത്തിൽ കുന്പസാരത്തെ വികലമായും പരിഹാസ്യമായും ചിത്രീകരിച്ചുവെന്നുമുള്ള പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്.
കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെ പരാതിയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യനാണ് നടപടിക്ക് നിർദേശം നൽകിയത്. വിജ്ഞാന കൈരളിയിൽ പ്രസിദ്ധീകരിച്ച ലേഖനം കത്തോലിക്കാ വിശ്വാസികൾക്ക് വേദനയും പ്രതിഷേധവുമുണ്ടാക്കിയെന്നാണു പരാതി.
വിഷയത്തിൽ നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിരിക്കുന്നത്.
കുന്പസാരത്തിനെതിരേ ലേഖനം: ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടി
01:32 AM Nov 14, 2018 | Deepika.com