ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയെ ഒഴിവാക്കി മറ്റു പാർട്ടികളുമായി സഖ്യത്തിലേർപ്പെടില്ലെന്നു കോൺഗ്രസ്. കോൺഗ്രസിന്റെ വിശ്വസ്ത സഖ്യകക്ഷിയാണു ഡിഎംകെയെന്നു തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി സഞ്ജയ് ദത്ത് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ചാൽ കോൺഗ്രസുമായി സഹകരിക്കാമെന്ന് ഏതാനും ദിവസം മുന്പ് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ പറഞ്ഞിരുന്നു.
രാജീവ്ഗാന്ധിയുടെ കരങ്ങൾക്കു ശക്തി പകരാൻ തമിഴ്നാട്ടിൽ രൂപവത്കരിക്കുന്ന മുന്നണിയുടെ നേതൃത്വം ഡിഎംകെയ്ക്കായിരിക്കും. മക്കൾ നീതി മയ്യം അതിൽ സഖ്യത്തിന്റെ ഭാഗമാകുകയോ അല്ലാതിരിക്കുകയോ ചെയ്യാം. രാഷ്ട്രീയത്തിൽ ഒന്നും സ്ഥിരമായില്ല. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ താഴെയിറക്കുക എന്നതാണു പൊതുവായ ലക്ഷ്യം-സഞ്ജയ് ദത്ത് പറഞ്ഞു.
വൈകോ നയിക്കുന്ന എംഡിഎംകെയുടെ പിന്തുണ ഡിഎംകെയ്ക്കുണ്ട്. സിപിഐ, സിപിഎം, വിസികെ കക്ഷികളും ഡിഎംകെ മുന്നണിയുടെ ഭാഗമാകുമെന്ന് ഉറപ്പായി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ എം.കെ. സ്റ്റാലിനുമായി ചർച്ച നടത്തും.
ഡിഎംകെയെ ഒഴിവാക്കി തമിഴ്നാട്ടിൽ മറ്റൊരു പാർട്ടിയുമായി സഖ്യത്തിനില്ലെന്നു കോൺഗ്രസ്
12:46 AM Nov 12, 2018 | Deepika.com