ന്യൂഡൽഹി: കോണ്ഗ്രസ് നേതാവ് ശശി തരൂരിന്റെ ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗങ്ങളും പ്രഭാഷണങ്ങളും പ്രസിദ്ധമാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരെ സൃഷ്ടിച്ച തരൂരിന്റെ ഇംഗ്ലീഷിൽ അദ്ദേഹം തന്നെ വീണതാണ് ഏറ്റവും ഒടുവിലെ വാർത്ത. ലളിതമായ ഒരു ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിംഗ് തെറ്റിച്ചതാണു ട്രോളർമാർക്കു ചാകരയായത്.
യുഎഇയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അക്ഷരത്തെറ്റ് കടന്നുവന്നത്. “Innovation’’ എന്ന വാക്കിനു പകരം “Innivation’’ എന്ന് തരൂർ തെറ്റി എഴുതുകയായിരുന്നു.
പിന്നാലെ നിരവധി പേർ തരൂരിന്റെ ട്വീറ്റിലെ തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തെത്തി. തരൂരിന്റെ പുതിയ വാക്കിനു ഗൂഗിളിൽപോലും അർഥമില്ലെന്നു ചിലർ ട്വീറ്റ് ചെയ്തു. ഒടുവിൽ തെറ്റു സമ്മതിച്ചു തരൂർ തന്നെ രംഗത്തെത്തി. എങ്കിലും പ്രതീക്ഷിക്കാതെ തരൂരിൽനിന്നുണ്ടായ പിശക് ആഘോഷമാക്കുകയാണു ട്രോളൻമാർ.
ഇത്തവണ തരൂരിനു പിഴച്ചു!
12:46 AM Nov 12, 2018 | Deepika.com