ന്യൂഡൽഹി: ആഗ്രയുടെ പേര് ആഗ്രവനാക്കണമെന്ന് ആഗ്ര നോർത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ജഗൻ പ്രസാദ് ഗാർഗ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ആഗ്ര എന്ന പേരിൽ ഒരു അർഥവുമില്ലെന്നും വനം എന്നർഥം വരുന്ന വിധത്തിൽ ആഗ്രവൻ എന്നാക്കുകയോ മഹാരാജാ അഗ്രസേനന്റെ പിന്തുടർച്ചക്കാർ എന്നർഥമുള്ള അഗർവാൾസ് എന്നോ ആക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം.
അലഹാബാദിന്റെ പേര് പ്രയാഗ് രാജാക്കിയും ഫൈസാബാദിന്റെ പേര് അയോധ്യയെന്നാക്കിയും ബിജെപി സർക്കാർ ഉത്തരവിറക്കിയതിനു പിന്നാലെയാണു സമാനമായ ആവശ്യവുമായി ബിജെപി എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്. പുരാണത്തിൽ ആഗ്രവൻ എന്നാണ് ഈ നഗരം അറിയപ്പെട്ടിരുന്നതെന്നും മഹാഭാരതത്തിൽ അതേക്കുറിച്ച് പരാമർശം ഉണ്ടെന്നും എംഎൽഎ പറയുന്നു. പിന്നീട് ഈ നഗരത്തിന്റെ പേര് അക്ബറാബാദ് എന്നറിയപ്പെട്ടു. ഇപ്പോഴാണ് ആഗ്ര എന്നായതെന്നും കത്തിൽ വിശദമാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദ്, തെലുങ്കാനയിലെ ഹൈദരാബാദ്, യുപിയിലെ അലിഗഡ്, മുസഫർ നഗർ, മഹാരാഷ്ട്രയിലെ ഒൗറംഗബാദ്, ഉസ്മാനബാദ് എന്നിവയുടെ പേര് മാറ്റാൻ ബിജെപി ഉദ്ദേശിക്കുന്നെന്നാണ് റിപ്പോർട്ടുകൾ.
ആഗ്രയുടെ പേര് ആഗ്രവനാക്കണമെന്നു ബിജെപി എംഎൽഎ
12:47 AM Nov 11, 2018 | Deepika.com