ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ പേരിൽ ട്വിറ്ററിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്തു. വ്യാജ അക്കൗണ്ട് സംബന്ധിച്ച് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അജ്ഞാത വ്യക്തിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ചീഫ് ജസ്റ്റീസിന്റെ ചിത്രവും പേരും ഉൾപ്പെട്ട അക്കൗണ്ടിലൂടെ തെറ്റിദ്ധാരണ പരത്തുന്ന പലകാര്യങ്ങളും പ്രചരിപ്പിച്ചതായി കണ്ടെത്തിയിരുന്നു.
വാർത്തകളുടെ അടിസ്ഥാനത്തിൽ അക്കൗണ്ട് പരിശോധിച്ച സുപ്രീം കോടതി അഡീഷണൽ രജിസ്ട്രാർ കേണൽ കെ.ബി. മാർവ, സംഭവത്തിൽ കേസെടുക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓണ്‍ലൈൻ സ്ഥാപനമായ ട്വിറ്റർ ഇന്ത്യ അക്കൗണ്ട് റദ്ദ് ചെയ്തു. അക്കൗണ്ട് രൂപീകരിച്ചത് എവിടെ നിന്നാണെന്നു കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായും ട്വിറ്റർ അറിയിച്ചു.
ചീഫ് ജസ്റ്റീസിന്റെ പേരിൽ ട്വിറ്റർ അക്കൗണ്ട്; പോലീസ് കേസെടുത്തു
08:34 PM Oct 17, 2018 | Deepika.com