ന്യൂഡൽഹി: ആയുധധാരികളായ ആറംഗ മുഖംമൂടി സംഘം ബാങ്ക് ജീവനക്കാരനെ കൊലപ്പെടുത്തി മൂന്നു ലക്ഷം രൂപ കൊള്ളയടിച്ചു. സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നു തോക്ക് പിടിച്ചു വാങ്ങി അടിച്ചു വീഴ്ത്തി. തുടർന്ന് ബാങ്കിലെ കാഷ്യർക്ക് നേരെ വെടിയുതിർത്തശേഷം പണം കൊള്ളയടിച്ചു കടന്നു കളയുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ തെക്കൻ ഡൽഹിയിലെ ചൗവ്ല ടൗണിലെ കോർപറേഷൻ ബാങ്കിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായതായും സൂചനയുണ്ട്.
ഇത്രയും ആസൂത്രിതമായ ബാങ്ക് കവർച്ച തലസ്ഥാന നഗരിയിൽ ഈ ദശകത്തിൽ ആദ്യമായാണു നടക്കുന്നതെന്നാണ് പോലീസ് തന്നെ പറയുന്നത്. ബാങ്കിൽ ഇടപാടിന് വന്ന പത്തു പേരെയും ആറ് ജീവനക്കാരെയും തോക്കിൻ മുനയിൽ നിർത്തിയാണ് കൊള്ളയടിച്ചത്. ആദ്യം ബാങ്ക് കാഷ്യറുടെ മേശയിൽ നിന്നു പണം തട്ടിയെടുത്തു രക്ഷപ്പെടാനായിരുന്നു മോഷ്ടാക്കൾ ശ്രമിച്ചത്.
എന്നാൽ, കാഷ്യർ എതിർ ത്തതോടെ അയാളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. രണ്ടു തവണ കാഷ്യർക്ക് നേർക്കു നിറയൊഴിച്ചു. അയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡൽഹിയിൽ ബാങ്ക് ജീവനക്കാരനെ വെടിവച്ചു കൊന്ന് മൂന്നു ലക്ഷം കൊള്ളയടിച്ചു
12:44 AM Oct 14, 2018 | Deepika.com