ന്യൂഡൽഹി: വില കൂട്ടി ദീർഘനാൾ ജനങ്ങളെ നട്ടംതിരിച്ചതിനുശേഷം തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്രോൾ- ഡീസൽ വിലയിൽ 2.50 രൂപ കുറവ് വരുത്തി കേന്ദ്ര സർക്കാർ. ഇന്ധനവില സർവകാല റിക്കാർഡിൽ നിയന്ത്രണം വിട്ടു കുതിച്ചതിനൊടുവിലാണ് ഇപ്പോൾ ചെറിയ കുറവ് വരുത്തിയത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ 1.50 രൂപ കുറയ്ക്കുകയും എണ്ണക്കന്പനികൾ സർക്കാർ നിർദേശപ്രകാരം ഒരു രൂപ കുറയ്ക്കുകയും ചെയ്തതോടെയാണ് ഒരു ലിറ്ററിന് 2.50 രൂപയുടെ കുറവുണ്ടാകുക.
ഒരു വർഷംകൊണ്ടു ഡീസൽ വിലയിൽ 26.82 ശതമാനവും പെട്രോൾ വിലയിൽ 17.89 ശതമാനവുമാണു വർധനയുണ്ടായത്. കഴിഞ്ഞവർഷം സെപ്റ്റംബർ അവസാനം കോട്ടയത്ത് ഒരു ലിറ്ററിന് 73.3 രൂപയായിരുന്ന പെട്രോൾ വില ഇന്നലെ 86.4 രൂപയായും 62.95 രൂപയായിരുന്ന ഡീസൽ വില 79.81 രൂപയായും വർധിച്ചിരുന്നു. അതായത് ,പെട്രോളിന് 13.10 രൂപയും ഡീസലിന് 16.86 രൂപയും കൂടി. അതിലാണിപ്പോൾ വെറും 2.50 രൂപയുടെ കുറവ് വരുത്തിയിരിക്കുന്നത്. കേന്ദ്രം പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് എക്സൈസ് നികുതി ചുമത്തിയിരുന്നത്. സംസ്ഥാന സർക്കാരുകൾ വാറ്റ് 2.50 രൂപ കുറയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതിയുടെ യോഗത്തിനുശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെട്ടു. നികുതി കുറച്ചതിലൂടെ എക്സൈസ് തീരുവയിൽ 10,500 കോടി രൂപയുടെ കുറവുണ്ടാകുമെന്നു ധനമന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും ജമ്മു കാഷ്മീരും നികുതി കുറച്ചു. രാജസ്ഥാൻ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, കർണാടക സംസ്ഥാനങ്ങൾ മുൻപ് നികുതിനിരക്ക് കുറച്ചിരുന്നു.
കേരളം നികുതി കുറയ്ക്കില്ലെന്ന നിലപാടെടുത്തത് തെറ്റാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
കച്ചിത്തുറുവിലെ സൂചി എന്നാണ് വില കുറയ്ക്കലിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.
ജനവികാരം എതിരാകുമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു പരിഭ്രാന്തരായാണ് ഇപ്പോൾ നേരിയ കുറവ് വരുത്താൻ തയാറായതെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു.
കേരളം നികുതി കുറയ്ക്കില്ല
തിരുവനന്തപുരം: കേരളം ഇന്ധനനികുതി കുറയ്ക്കില്ല. കേന്ദ്ര ധനകാര്യമന്ത്രിയുടെ ആവശ്യം തള്ളിക്കൊണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക് ആണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രസർക്കാർ 2014-16-ൽ പല തവണയായി പെട്രോളിന് ഒമ്പതു രൂപയും ഡീസലിന് 14 രൂപയും നികുതി വർധിപ്പിച്ചിട്ടുണ്ട്. അതിനു ശേഷമാണ് ഇപ്പോൾ ഒന്നര രൂപ കുറച്ചത്. കേരളം ഇതിനു മുമ്പ് ഒരു തവണ നികുതി കുറച്ചിരുന്നു. ജയ്റ്റ്ലിയാണ് നികുതി കൂട്ടിയത്. കേന്ദ്ര സർക്കാർ അധികാരമേറ്റ സമയത്തെ നികുതിനിരക്കിലേക്കു വരട്ടെ. അപ്പോൾ നികുതി കുറയ്ക്കുന്ന കാര്യം കേരളം ആലോചിക്കാം: തോമസ് ഐസക് പറഞ്ഞു.
സെബി മാത്യു
ഇന്ധനവില 2.50 രൂപ കുറച്ചു
12:47 AM Oct 05, 2018 | Deepika.com