ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകൾക്കായി ചെലവഴിച്ച തുകയുടെ കണക്കുകൾ വെളിപ്പെടുത്താനാകില്ലെന്നു വിദേശകാര്യ മന്ത്രാലയം. വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടി യിലാണിതു പറഞ്ഞത്.
പ്രധാനമന്ത്രിയുടെ മൊത്തത്തിലുള്ള യാത്രച്ചെലവു വിവരങ്ങളൊന്നും തന്നെ സൂക്ഷിച്ചിട്ടില്ലെന്നാണു മന്ത്രാലയത്തിലെ സീനിയർ അക്കൗണ്ട്സ് ഓഫീസർ നൽകിയ മറുപടിയിൽ പറയുന്നത്. മുൻ പ്രധാനമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, പ്രധാനമന്ത്രി എന്നിവരടക്കമുള്ളവരുടെ ചെലവ് വിവരങ്ങൾ ഒറ്റ അക്കൗണ്ടിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പറയുന്നു.
കഴിഞ്ഞ ജൂലൈയിൽ സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കിയതനുസരിച്ച് നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് 1484 കോടി രൂപ ചെലവായിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ചോദ്യത്തിന് ഉത്തരമായി നൽകിയ മറുപടിയിൽ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ, വിമാനവാടക, ഹോട്ട്ലൈൻ എന്നിവയ്ക്കായി ഇത്രയധികം തുക ചെലവഴിച്ചെന്നാണു വിശദീകരിച്ചത്.
പ്രധാനമന്ത്രിയുടെ വിദേശയാത്ര: ചെലവു വെളിപ്പെടുത്താനാവില്ലെന്നു കേന്ദ്രം
12:28 AM Oct 05, 2018 | Deepika.com