ന്യൂഡൽഹി: മത-സാമുദായിക വിഭാഗങ്ങളെ ചേർത്തുനിർത്തി പൊതു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങൾക്കു രൂപം നൽകാൻ പുതിയ കെപിസിസി ഭാരവാഹികളോട് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിർദേശിച്ചു.
പുതുതായി ചുമതലപ്പെടുത്തിയ കെപിസിസി ഭാരവാഹികളുമായി ഇന്നലെ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണു രാഹുൽ ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, പ്രചാരണ വിഭാഗം ചെയർമാൻ കെ. മുരളീധരൻ, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ എന്നിവരാണ് ഇന്നലെ രാഹുലുമായി ചർച്ച നടത്തിയത്. വർക്കിംഗ് പ്രസിഡന്റ് എം.ഐ. ഷാനവാസ് പനി ബാധിച്ചതുമൂലം ഡൽഹിയിലെത്തിയിരുന്നില്ല.
രാഹുലുമായുള്ള ചർച്ചയ്ക്കുശേഷം മുല്ലപ്പള്ളിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ 27നു കേരളത്തിലെത്തി ചുമതല ഏൽക്കാൻ തീരുമാനിച്ചു. മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുമായും ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. നേതാക്കൾ തമ്മിലുള്ള ഭിന്നത മാറ്റുകയാണ് ആവശ്യമെന്നാണ് ആന്റണി നിർദേശിച്ചത്.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി പൊതുതെരഞ്ഞെടുപ്പിൽ ഇത്തരമൊരു സാഹചര്യമുണ്ടാകരുതെന്ന നിർദേശമാണ് നൽകിയത്. മത-സാമുദായിക വിഭാഗങ്ങൾ പാർട്ടിയിൽനിന്ന് അകന്നതാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം. ഇതൊരു പാഠമായി ഉൾക്കൊണ്ട് വേണം തുടർന്നുള്ള പ്രവർത്തനം. കോണ്‍ഗ്രസിന്റെ പരന്പരാഗത വോട്ട് ബാങ്ക് തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കങ്ങളാണ് ആവശ്യം. മറുചേരിയിലേക്ക് മാറിയ ഇത്തരം വോട്ടുകൾ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമുണ്ടാകണമെന്നും രാഹുൽ നിർദേശം നൽകി.
മതേതര, ജനാധിപത്യ മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാതെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള നിർദേശമാണ് രാഹുൽ നൽകിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അകന്നു പോയവരെ പരന്പരാഗത നിലപാടുകൾ ഉയർത്തിപ്പിടിച്ച് തിരിച്ചുകൊണ്ടുവരാനുള്ള നീക്കമുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളിലൂന്നി പ്രചാരണം ശക്തിപ്പെടുത്തുന്നതിനൊപ്പംതന്നെ കോണ്‍ഗ്രസ് ദേശീയ തലത്തിൽ ഉയർത്തുന്ന വിഷയങ്ങളും ഉന്നയിക്കണം. റഫാ ൽ അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാനത്തും ശക്തമായ പ്രചാരണം നടത്തണമെന്നു രാഹുൽ നിർദേശിച്ചു.
താഴേത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്തണം. പുതിയ നേതൃനിരയെ താഴെതട്ടിൽ കണ്ടെത്തണമെന്നും രാഹുൽ നിർദേശം നൽകി. വർക്കിംഗ് പ്രസിഡന്റുമാർക്കുള്ള ചുമതലകൾ പിന്നീട് വിഭജിച്ച് നൽകും. തമ്മിലടിക്കാതെ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും രാഹുൽ നേതാക്കളെ ഓർമിപ്പിച്ചു.
തെരഞ്ഞെടുപ്പിനൊരുങ്ങാൻ കെപിസിസിയോട് രാഹുൽ
12:36 AM Sep 23, 2018 | Deepika.com