മുംബൈ:ദേശീയപുരസ്കാരം സ്വന്തമാക്കിയ ആസാമീസ് ചിത്രം ‘വില്ലേജ് റോക്ക്സ്റ്റാർസ്’ 2019 ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. മറ്റ് 28 സിനിമകളെ പിന്തള്ളിയാണു റിമ ദാസ് സംവിധാനം ചെയ്ത ഓസ്കർവേദിയിൽ മത്സരിക്കുന്നത്. ദാരിദ്ര്യം നിറഞ്ഞ അന്തരീക്ഷത്തിൽ വളരുന്ന ധുനു എന്ന പെണ്‍കുട്ടിയുടെ അതിജീവനകഥയാണു ചിത്രം. ധുനുവിന്റെ നേതൃത്വത്തിലുള്ള ‘വില്ലേജ് റോക്ക് സ്റ്റാർസ്’ എന്ന ഗായകസംഘത്തിലേക്കു വളരുന്നതാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.
പതിവ് രീതികളിൽ നിന്നു വ്യത്യസ്തമായി ചിത്രീകരണസംഘത്തെ ഒഴിവാക്കി, സ്വാഭാവിക വെളിച്ചത്തിലായിരുന്നു ചിത്രീകരണം. ഭനിത ദാസ് മുഖ്യവേഷത്തിലെത്തുന്ന ചിത്രം 70 ലേറെ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു.
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ (എഫ്എഫ്ഐ)യുടെ തീരുമാനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചലച്ചിത്രകാരന്മാർക്കുള്ള വലിയ അംഗീകാരമാണെന്ന് റിമദാസ് പ്രതികരിച്ചു.
ആസാമിസ് ചിത്രം ഇന്ത്യയുടെ ഓസ്കർ എൻട്രി
11:12 PM Sep 22, 2018 | Deepika.com