ന്യൂഡൽഹി: കടുത്ത നടുവ് വേദനയെത്തുടർന്ന് വിദേശത്ത് ചികിത്സയ്ക്ക് പോയ ഡൽഹി കോണ്ഗ്രസ് അധ്യക്ഷൻ അജയ് മാക്കന് സുഖാരോഗ്യം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട് അജയ് മാക്കൻ ജി, നിങ്ങളുടെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്. മറുപടി ട്വീറ്റിൽ മോദിയുടെ ആശംസ തന്നെ ആഴത്തിൽ സ്പർശിച്ചു എന്നു മാക്കൻ പറഞ്ഞു. എന്റെ ആരോഗ്യത്തിൽ അങ്ങ് കാണിച്ച ജാഗ്രതയ്ക്കും നല്ല ആശംസകളും ആഴത്തിൽ സ്പർശിച്ചു. ചികിത്സിച്ചു ഭേദമാക്കാവുന്ന അസ്ഥി സംബന്ധമായ അസുഖമാണ് ഇപ്പോഴുള്ളതെന്നും മാക്കൻ മറുപടി ട്വീറ്റിൽ കുറിച്ചു.
അസുഖം മൂലം ബുദ്ധിമുട്ടുന്ന അജയ് മാക്കൻ ഡൽഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചു എന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഡൽഹിയുടെ ചുമതലയുള്ള എഐസിസി നേതാവ് പി.സി. ചാക്കോ ഇക്കാര്യം നിഷേധിച്ചിരുന്നു.
മാക്കൻ അടുത്തയാഴ്ച തിരിച്ചു വരും. അദ്ദേഹത്തിന് കൂടുതൽ യാത്ര ചെയ്യാനോ മുഴുവൻസമയ പ്രവർത്തനങ്ങൾക്കോ സാധ്യമാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. തിരിച്ചു വന്നതിനുശേഷം പ്രവർത്തനരീതിയെക്കുറിച്ച് തീരുമാനം എടുക്കുമെന്നുമാണ് പി.സി. ചാക്കോ പറഞ്ഞത്. അടുത്ത ഞായറാഴ്ച മാക്കൻ ഡൽഹിയിൽ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യുമെന്നാണ് കോണ്ഗ്രസ് നേതാവ് മുകേഷ് ശർമ പറഞ്ഞത്.
വിദേശത്തു ചികിത്സയ്ക്കു പോയ കോൺഗ്രസ് നേതാവ് അജയ് മാക്കന് പ്രധാനമന്ത്രിയുടെ ആശംസ
01:14 AM Sep 22, 2018 | Deepika.com