ന്യൂഡൽഹി: ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, അക്ഷയ് കുമാർ, സണ്ണി ദേവൽ, മാധുരി ദീക്ഷിത് തുടങ്ങിയവരെ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ബിജെപി നീക്കമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് പല രംഗങ്ങളിലെയും വിദഗ്ധരെയും ജനസമ്മതിയുള്ളവരെയും മത്സരിപ്പിക്കുന്നതെന്നും പേര് വെളിപ്പെടുത്താനാവാത്ത ബിജെപി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, സ്ഥാനാർഥികളാകാൻ ഇവർ സന്നദ്ധത അറിയിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ നേതാവ് വ്യക്തത വരുത്തിയിട്ടില്ല.
മോഹൻലാൽ തിരുവനന്തപുരത്തു നിന്നും അക്ഷയ് കുമാർ ന്യൂഡൽഹിയിൽ നിന്നും മാധുരി ദീക്ഷിത് മുംബൈയിൽ നിന്നും സണ്ണി ദേവൽ ഗുരുദാസ്പൂരിൽ നിന്നും മത്സരിക്കുമെന്നും നേതാവ് പറയുന്നു. ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗും പട്ടികയിലുണ്ട്. കല, കായികം, സാംസ്കാരികം, മാധ്യമം, ആരോഗ്യ രംഗങ്ങളിലുള്ള 70 പ്രമുഖരുടെ പേരുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര സർക്കാരിനും പാർട്ടി എംപിമാർക്കുമെതിരേയുള്ള ഭരണവിരുദ്ധ വികാരം മറികടക്കാനാണ് പ്രമുഖരെ അണിനിരത്താനുള്ള നീക്കമെന്നാണ് വിലയിരുത്തൽ. ഓരോ മണ്ഡലത്തിലും സ്ഥാനാർഥിയാക്കാൻ കഴിയുന്ന അഞ്ചു പേരുടെ പേരുകൾ നിർദേശിക്കാൻ നേരത്തേ പ്രധാനമന്ത്രി പാർട്ടി എംപിമാരോടു നിർദേശിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് : താരങ്ങൾ ഉൾപ്പെടെ പ്രമുഖരെ അണിനിരത്താൻ ബിജെപി
12:23 AM Sep 17, 2018 | Deepika.com