ഇംഫാൽ: വാഹനം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആക്രമിച്ച നാട്ടുകാരിൽ അഞ്ചുപേരെ പോലീസ് പിടികൂടി. മണിപ്പൂരിലെ ഇംഫാലിലാണു സംഭവം. അറസ്റ്റിലായവരിൽ ഐആർബിയിലെ (ഇന്ത്യൻ റിസർവ് ബറ്റാലിയൻ) ഹവീൽദാറും ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് സൂപ്രണ്ട് അറിയിച്ചു. യുവാവിനെ ആക്രമിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് കേസെടുത്ത് കുറ്റക്കാരെ അറസ്റ്റ് ചെയ്തത്.
യുവാവിനൊപ്പമുണ്ടായിരുന്ന രണ്ടുപേർ ആൾക്കൂട്ട ആക്രമണത്തിൽനിന്നു രക്ഷപ്പെടുന്ന രംഗവും ദൃശ്യത്തിലുണ്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് അക്രമസ്ഥലത്തുനിന്നും പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു. കൈയേറ്റം ചെയ്യപ്പെട്ട യുവാവും സംഘവുമെത്തിയ കാറിന് സംഭവസ്ഥലത്തു തടിച്ചുകൂടിയ ജനങ്ങൾ തീയിട്ടു.അതേസമയം, അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പാറ്റ്സോയ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കല്ലും കുറുവടികളുമായെത്തിയ ഇവരെ പിരിച്ചുവിടാൻ ലാത്തി വീശേണ്ടിവന്നതായി പോലീസ് അറിയിച്ചു.
മോഷ്ടാവെന്നാരോപിച്ച് യുവാവിനെ ആക്രമിച്ചു: അഞ്ച് പേർ അറസ്റ്റിൽ
12:44 AM Sep 16, 2018 | Deepika.com