ലക്നൗ: അധോലോകനായകൻ ദാവൂദ് ഇബ്രാഹിം വധിക്കുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നും പോലീസ് സംരക്ഷണം നൽകണമെന്നും കാട്ടി ബിഎസ്പി എംഎൽഎ പരാതി നൽകി. ഉമാ ശങ്കർ പ്രസാദ് എംഎൽഎയാണ് പോലീസിൽ പരാതി നൽകിയത്.
തന്റെ ഇ-മെയിൽ പരിശോധിക്കണമെന്നു കാട്ടി ഇക്കഴിഞ്ഞ ആറിന് തനിക്കൊരു സന്ദേശം വന്നിരുന്നു. എന്നാൽ അതു കാര്യമായെടുത്തിരുന്നില്ല. രണ്ടു ദിവസത്തിനു ശേഷം അതേ നന്പരിൽ നിന്നു വീണ്ടുമൊരു സന്ദേശം ലഭിച്ചു. ജീവിക്കണോ മരിക്കണോ ഒരു കോടി രൂപ നൽകണമെന്നായിരുന്നു സന്ദേശം. അതിനു ശേഷം ഇ-മെയിൽ പരിശോധിച്ചപ്പോൾ ദാവൂദ് ഇബ്രാഹിന്റെ ചിത്രം കണ്ടു. ""ഉമാ ശങ്കർ നിങ്ങൾ ബലിയയിലെ ജനങ്ങളെ സേവിക്കുകയാണ്. ഇതു നിങ്ങൾക്കു തുടരണമെങ്കിൽ ഒരു കോടി രൂപ എനിക്കു നൽകണം. അല്ലെങ്കിൽ നിങ്ങളെ അവസാനിപ്പിക്കാൻ എനിക്ക് ഒരു ബുള്ളറ്റ് മാത്രം മതി. ഏതു സമയത്തും അതു സംഭവിക്കാം.” എന്നായിരുന്നു മെയിലിലുണ്ടായിരുന്നതെന്ന് എംഎൽഎ നൽകിയ പരാതിയിൽ പറയുന്നു. ട്രൂകോളറിന്റെ സഹായത്തോടെ സന്ദേശം വന്ന മൊബൈൽ ഫോണിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അത് ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽപ്പെട്ടയാളുടെ നന്പരാണെന്നു ബോധ്യപ്പെട്ടെന്നും പരാതിയിലുണ്ട്.
ദാവൂദിന്റെ വധഭീഷണി; ബിഎസ്പി എംഎൽഎ പോലീസിൽ പരാതി നൽകി
12:52 AM Aug 13, 2018 | Deepika.com