ന്യൂഡൽഹി: കേരളത്തിലെ കാലവർഷക്കെടുതികൾ ആശങ്കാജനകമാണെന്നും അടിയന്തരസഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ കത്ത്.
ദുരിതബാധിതർക്ക് എല്ലാ സഹായവുമെത്തിക്കാൻ സംസ്ഥാന സർക്കാരുമായി യോജിച്ച് കേന്ദ്രം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തത്തിൽനിന്ന് ഇനിയും കരകയറാത്ത ജനതയെ പ്രളയം കൂടുതൽ ദുരന്തത്തിലാക്കിയിരിക്കുകയാണ്. ഇതും കേരളത്തിലെ പ്രളയക്കെടുതിയുടെ രൂക്ഷതയും കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന് മതിയായ പണം ഉടനെ നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
മുഴുവൻ കോണ്ഗ്രസ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ടിറ്ററിലൂടെ രാഹുൽ നേരത്തെ നിർദേശിച്ചു. കേരളത്തിൽനിന്നുള്ള കോണ്ഗ്രസ് എംപിമാരോട് കാലവർഷക്കെടുതികളുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം രാഹുൽ ചോദിച്ചറിഞ്ഞിരുന്നു.
രാഹുൽ ഗാന്ധിയുടെ കത്ത് ഇങ്ങനെ:
പ്രിയപ്പെട്ട പ്രധാനമന്ത്രി,
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്കവും വലിയ തോതിലുള്ള മണ്ണിടിച്ചിലുമെല്ലാം അഭൂതപൂർവമായ നാശനഷ്ടങ്ങളാണ് കേരളത്തിൽ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത ദുരന്തമാണിത്. ഈ പ്രകൃതിക്ഷോഭത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി, വലിയ തോതിലുള്ള സാന്പത്തിക നഷ്ടങ്ങൾക്കും ഇതിടയാക്കിയിട്ടുണ്ട്.
ഒരു മാസത്തിനിടെ 150 പേർക്കും കഴിഞ്ഞ ഒരു ദിവസം മാത്രം 25 പേർക്കും ജീവഹാനി സംഭവിച്ചു. മലയോര, തീരദേശ ജില്ലകളായ ഇടുക്കി, വയനാട്, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് വളരെ വ്യാപകമായ തോതിൽ നാശനഷ്ടങ്ങളുണ്ടായത്.
തുടർച്ചയായി പെയ്യുന്ന പേമാരിയെ തുടർന്ന് 24 അണക്കെട്ടുകൾ തുറക്കാൻ സംസ്ഥാനം നിർബന്ധിതമായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം ഇതുമൂലം വെള്ളപ്പൊക്കത്തിൽ കനത്ത ദുരിതങ്ങളും നഷ്ടങ്ങളുമാണ് നേരിടുന്നത്. ഏറ്റവും ദുരിതം ബാധിച്ചവരിൽ മത്സ്യത്തൊഴിലാളി സമൂഹവുമുണ്ട്. ഓഖി ചുഴലിക്കൊടുക്കാറ്റിന്റെ കൊടിയ ദുരിതങ്ങളിൽനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത മത്സ്യബന്ധന മേഖലയ്ക്ക് ഇപ്പോഴത്തെ ദുരന്തം താങ്ങാവുന്നതിലുമധികം കനത്ത പ്രഹരമായി. ആയിരക്കണക്കിന് ഹെക്ടർ കൃഷിഭൂമിയും വെള്ളത്തിനടിയിലായിട്ടുണ്ട്.
റോഡുകളും വൈദ്യുതി സംവിധാനങ്ങളും വ്യാപകമായി തകർന്നതു പുനരധിവാസ നടപടികൾ നീളുന്നതിനു കാരണമാകും. ഈ സാഹചര്യത്തിൽ കേരളം നേരിടുന്ന അതീവഗുരുതരമായ മാനുഷിക പ്രതിസന്ധി കേന്ദ്രസർക്കാർ അംഗീകരിക്കേണ്ടത് വളരെ പ്രധാനമാണ്.
നടന്നുവരുന്ന വലിയ തോതിലുള്ള ദുരിതാശ്വാസ നടപടികളിൽ സംസ്ഥാന സർക്കാരുമായി കേന്ദ്രസർക്കാർ സഹകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ദുരന്തത്തോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരിന് മതിയായ ഫണ്ട് അടിയന്തരമായി നൽകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.
വിശ്വസ്തതയോടെ,രാഹുൽ ഗാന്ധി.
കേരളത്തിനുവേണ്ടി പ്രധാനമന്ത്രിക്ക് രാഹുൽഗാന്ധിയുടെ കത്ത്
01:25 AM Aug 12, 2018 | Deepika.com