ശ്രീനഗർ: തെക്കൻ കാഷ്മീരിൽ പോലീസ് കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെ ടുത്തിയ പാക്കിസ്ഥാൻ സ്വദേശിയുൾപ്പെടെ മൂന്നു ഭീകരരെ സൈന്യം വധിച്ചു. കേന്ദ്ര റിസർവ് പോലീസും സൈന്യവും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഭീകരസംഘത്തെ തുടച്ചുനീക്കിയത്.
കോൺസ്റ്റബിളിനെ വധിച്ച ഭീകരർ കുൽഗാമിൽ ഒളിച്ചിരിക്കുന്നതായി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടു നൽകിയിരുന്നു. തുടർന്നു മേഖലയിൽ നടത്തിയ തിരച്ചിലിലാണ് മൂവർസംഘത്തെ കണ്ടെത്തിയത്.
തെക്കൻ കാഷ്മീരിലെ കുൽഗാമിൽ മുതാൽഹാമ മേഖലയിലെ വീട്ടിൽനിന്നു വെള്ളിയാഴ്ച രാത്രിയാണു കോൺസ്റ്റബിൾ മുഹമ്മദ് സലിം ഷായെ ഭീകരർ തട്ടിക്കൊണ്ടുപോയത്. കിലോമീറ്ററുകൾ അകലെയുള്ള ഒഴിഞ്ഞ വയലിൽനിന്നു ശനിയാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. കഠുവയിലെ പരിശീലനത്തിനിടയിലാണ് കോൺസ്റ്റബിൾ അവധിക്കു വീട്ടിലെത്തിയത്.
കാഷ്മീരിൽ പോലീസുകാരനെ കൊലപ്പെടുത്തിയ ഭീകരരെ സൈന്യം വധിച്ചു
12:46 AM Jul 23, 2018 | Deepika.com