ന്യൂഡൽഹി: സഹജീവികളോടു സ്നേഹവും അനുകന്പയും ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രനിർമിതി സാധിക്കൂയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്സഭയിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതിനു പിറ്റേന്നാണ് സ്നേഹത്തേക്കുറിച്ചുള്ള കാഴ്ചപ്പാട് രാഹുൽ വ്യക്തമാക്കിയത്.
അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രിയുടെ പ്രയോഗങ്ങൾ പൊതുജനങ്ങൾക്കുള്ളിൽ നിന്ദ, ഭയം, ദേഷ്യം തുടങ്ങിയ വികാരങ്ങളാണ് ഉണ്ടാക്കിയത്. രാഷ്ട്രനിർമിതിക്ക് ഉതകുന്ന രീതിയിൽ ജനഹൃദയങ്ങളിൽ സ്നേഹവും അനുകന്പയും സൃഷ്ടിക്കുകയാണു ഞങ്ങളുടെ ലക്ഷ്യം- രാഹുൽ ട്വീറ്റ് ചെയ്തു.
നോട്ട് നിരോധനം, തൊഴിലില്ലായ്മ, റാഫേൽ ഇടപാട്, സാന്പത്തിക മാന്ദ്യം, ആൾക്കൂട്ടത്തിന്റെ ആക്രമണം, മർദനം, ദളിത് പീഡനം തുടങ്ങിയ ദുരന്തങ്ങളുടെയും നുണകളുടെയും മിന്നലാക്രമണമാണ് പ്രധാനമന്ത്രി രാജ്യത്തിനു നൽകുന്നതെന്ന് അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ വെള്ളിയാഴ്ച രാഹുൽ ലോക്സഭയിൽ പറഞ്ഞു. പ്രസംഗ ശേഷം പ്രധാനമന്ത്രിക്കരികിലെത്തിയ രാഹുൽ അദ്ദേഹത്തെ ആലിംഗനം ചെയ്തതു വാർത്താ പ്രാധാന്യം നേടിയിരുന്നു. രാഹുലിന്റെ ആലിംഗനത്തെ അനുകൂലിച്ചും വിമർശിച്ചും വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
രാഷ്ട്രനിർമിതിക്കു സ്നേഹവും അനുകന്പയും വേണം: രാഹുൽ
01:20 AM Jul 22, 2018 | Deepika.com