ന്യൂഡൽഹി: നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡറും മലയാളിയുമായ വേണു രാജാമണിക്കു കേന്ദ്ര വിദേശകാര്യ വകുപ്പിൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം. വിദേശകാര്യവകുപ്പിലെ സെക്രട്ടറിപദവിയിൽ ഇപ്പോൾ വേറെ മലയാളികളില്ല. വിദേശകാര്യ സെക്രട്ടറിക്കു പുറമേ ഏതെങ്കിലും മേഖലയുടെ പ്രത്യേക ചുമതലയിലാകും ഇതേ റാങ്കിലെത്തുന്ന സെക്രട്ടറിമാർ. രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയും മുതിർന്ന നയതന്ത്രജ്ഞനുമായ വേണുവിന്റെ സ്ഥാനക്കയറ്റം വിദേശകാര്യ വകുപ്പിന് പുതിയ ഉണർവ് നൽകുമെന്നാണു പ്രതീക്ഷ.
1986 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ വേണുവിനെ കഴിഞ്ഞ വർഷം ജൂണിലാണ്് നെതർലൻഡ്സിലെ സ്ഥാനപതിയായി നിയമിച്ചത്. അന്താരാഷ്ട്ര പഠനത്തിൽ വിദഗ്ധനും വിവിധ ലോകരാജ്യങ്ങളിലെ വിദേശകാര്യ സമിതികളിലെയും സർവകലാശാലയിലെയും പ്രഭാഷകനുമാണു വേണു. നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡറുടെ ചുമതലകൾക്കു പുറമെ ഹെയ്ഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയിലെയും (ഐസിജെ) പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനിലെയും (പിസിഎ) രാസായുധങ്ങൾ തടയുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയിലെയും (ഒപിസിഡബ്ലു- ഓർഗനൈസേഷൻ ഫോർ ദ പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപൻസ്) ഇന്ത്യയുടെ അംബാസഡറും സ്ഥിരം പ്രതിനിധിയുംകൂടിയാണ് വേണു രാജാമണി.
വേണു രാജാമണി വിദേശകാര്യവകുപ്പിൽ സെക്രട്ടറി
01:05 AM Jul 21, 2018 | Deepika.com