ന്യൂഡൽഹി: പുതിയ കാലഘട്ടത്തിൽ പ്രഫഷണലുകൾക്കു രാഷ്ട്രീയത്തിൽ നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഈ സാഹചര്യത്തിൽ പ്രഫഷണൽ കോണ്‍ഗ്രസിന് വലിയ പ്രാധാന്യമുണ്ട്.
സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും പ്രഫഷണൽ കോണ്‍ഗ്രസിന് കൂടുൽ ചുമതലകൾ നിർവഹിക്കാൻ കഴിയും. പ്രഫഷണൽ കോണ്‍ഗ്രസിന്റെ കേരളത്തിന്റെ പ്രകടനം അഭിനന്ദനാർഹമെന്നും രാഹുൽ ഗാന്ധി വിലയിരുത്തി. ഡോക്ടർമാർ, എൻജിനിയർമാർ. ഐടി പ്രഫഷണലുകൾ തുടങ്ങി പല രംഗത്തുള്ളവരും കേരളത്തിൽ സംഘടനയിലേക്കു കടന്നു വന്നിട്ടുണ്ട്. മികച്ച രീതിയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും പ്രഫഷണൽ കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയിൽ രാഹുൽ പറഞ്ഞു.
പ്രഫഷണൽ കോണ്‍ഗ്രസ് ദേശീയ ചെയർമാൻ ശശി തരൂർ കമ്മിറ്റിയിൽ അധ്യക്ഷത വഹിച്ചു. പാർട്ടിയുടെ പ്രകടന പത്രികയിലും ഡിജിറ്റൽ കാന്പയിനിലും കൂടുതൽ ദൗത്യങ്ങൾ ഏറ്റെടുക്കണം. സമൂഹത്തിൽ അംഗീകാരമുള്ള പ്രഫഷണലുകളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും രാഹുൽ പറഞ്ഞു.
പ്രഫഷണൽ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള സംഘം രാഹുൽ ഗാന്ധിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. പ്രഫ. റോണി കെ. ബേബി, ശ്രീനിവാസ കൃഷ്ണൻ, സുധീർ മോഹൻ, രാജൻ ജോർജ്, എന്നിവരും പങ്കെടുത്തു.
പ്രഫഷണലുകൾക്ക് രാഷ്ട്രീയത്തിൽ നിർണായക പങ്ക്: രാഹുൽ
01:07 AM Jul 15, 2018 | Deepika.com