ന്യൂഡൽഹി: വിനോദസഞ്ചാര വികസനത്തിന് പുതിയ കുതിപ്പ് ലക്ഷ്യമിട്ട് പ്രഥമ ഇന്ത്യ ട്രാവൽ മാർട്ട് (ഐടിഎം) സെപ്റ്റംബറിൽ ഡൽഹിയിൽ. സെപ്റ്റംബർ 16 മുതൽ 18 വരെ ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് ഇന്ത്യയുടെ ട്രാവൽ മാർട്ട് എന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോണ്‍സ് കണ്ണന്താനം അറിയിച്ചു.
വൈകിയാണെങ്കിലും കേരള ട്രാവൽ മാർട്ടിന്റെ ചുവടുപിടിച്ചാണ് മലയാളിയായ ടൂറിസം മന്ത്രിയുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ ഐടിഎം സംഘടിപ്പിക്കുന്നതെന്നതിൽ കേരളത്തിന് അഭിമാനിക്കാം. ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഇൻ ഇന്ത്യൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയും (ഫെയിത്ത്) വിവിധ സംസ്ഥാന സർക്കാരുകളുമായി ചേർന്നാണ് ഐടിഎം നടത്തുന്നതെന്ന് കണ്ണന്താനം പറഞ്ഞു. ആഗോള ട്രാവൽ മാർട്ടുകളിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതേസമയം, സെപ്റ്റംബർ 16 മുതൽ കേന്ദ്രം നടപ്പാക്കുന്ന ആദ്യ ടൂറിസം വിപണന മേളയുടെ തീയതികൾ സെപ്റ്റംബർ 27 മുതൽ 30 വരെ നടക്കുന്ന കേരള ട്രാവൽ മാർട്ടിന്റെ ഒരുക്കങ്ങളെ ബാധിച്ചേക്കാമെന്ന് കേരളത്തിന്റെ പ്രതിനിധികൾ നേരിയ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, കേരളത്തിന്റെ ട്രാവൽ മാർട്ടിന് എല്ലാ പ്രോൽസാഹനവും നൽകുമെന്നും ഐടിഎം കൂടുതൽ നേട്ടമാകുമെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
ജോർജ് കള്ളിവയലിൽ
പ്രഥമ ഇന്ത്യ ട്രാവൽ മാർട്ട് സെപ്റ്റംബറിൽ ഡൽഹിയിൽ
01:36 AM Jul 10, 2018 | Deepika.com