ന്യൂഡൽഹി: കോണ്‍ഗ്രസിനെ ബെെൽ ഗാഡി എന്നു പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരിച്ചടി നൽകി കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ രംഗത്ത്. ബിജെപി സർക്കാർ ലിഞ്ച് പൂജാരി എന്നു പരിഹസിച്ചാണ് കപിൽ സിബൽ മോദിയുടെ പരിഹാസത്തിനു മറുപടി നൽകിയത്. ട്വിറ്ററിലൂടെയായിരുന്നു സിബലിന്റെ തിരിച്ചടി.
ജാർഖണ്ഡിലെ ആൾക്കൂട്ട കൊലപാതക കേസിലെ പ്രതികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ കേന്ദ്രമന്ത്രി ജയന്ത് സിൻഹ പങ്കെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ബിജെപി സർക്കാരിനെ കപിൽ സിബൽ പരിഹസിച്ചത്. ആൾക്കൂട്ട കൊലപാതകം നടത്തിയ കുറ്റത്തിനു പിടിയിലായ എട്ടുപേർക്കു ജാമ്യം കിട്ടിയപ്പോൾ ജയന്ത് സിൻഹ ഹാരമണിയിച്ചു. അതിൽ തെറ്റൊന്നുമില്ലേ മോദിജി. എന്നാൽ, നിങ്ങളുടെ സർക്കാർ ലിഞ്ച് പൂജാരിയായി മാറിയെന്നു അവർ പറയുന്നു’- കപിൽ സിബൽ ട്വിറ്ററിൽ ആരോപിച്ചു.
ജാർഖണ്ഡിലെ മാംസവ്യാപാരി അലിമുദ്ദീൻ അൻസാരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് എട്ടു പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് ജയന്ത് സിൻഹയുടെ വസതിയിൽ സ്വീകരണം നൽകുകയും മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു. ജയന്ത് സിൻഹയുടെ നടപടിക്കെതിരേ പിതാവ് യശ്വന്ത് സിൻഹ അടക്കം നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു.
മോദിയുടെ പരിഹാസത്തിനു തിരിച്ചടിയുമായി കോൺഗ്രസ്
12:39 AM Jul 09, 2018 | Deepika.com