ന്യൂഡൽഹി: വ്യക്തികളുടെ ആധാർ വിവരങ്ങൾ ഉൾപ്പെടെ പോലീസിനു കൈമാറാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. കുറ്റാന്വേഷണത്തിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിൽ വ്യക്തിഗത ആധാർ വിവരങ്ങൾ കൂടി പോലീസിന് ലഭ്യമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹംസ് രാജ് അഹിർ ആണ് വ്യക്തമാക്കിയത്.
കേസുകൾ തെളിയിക്കുന്നതിനും അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും ബയോമെട്രിക് വിവരങ്ങൾ അടക്കമുള്ള ആധാർ രേഖകൾ സഹായിക്കുമെന്നാണ് വിശദീകരണം. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയാണ് ആധാർ വിവരങ്ങൾ പോലീസിന് കൈമാറണമെന്ന ശിപാർശ കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചത്. ആധാറിലെ വ്യക്തിഗത വിവരങ്ങൾ പൂർണമായും നൽകാതെ കേസുകളിൽ ആവശ്യമായ രേഖകൾ മാത്രം നൽകണമെന്നാണ് ശിപാർശയിൽ പറയുന്നത്.
ആധാർ വിവരങ്ങൾ കൈമാറുന്നതിലും ജയിൽ നിയമത്തിലെ ഭേദഗതിയും കേന്ദ്ര മന്ത്രിസഭ ചർച്ച നടത്തുകയാണെന്ന് ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കി. വിരലടയാള ബ്യൂറോ ഡയറക്ടർമാരുടെ യോഗത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയതാണ്.
ആധാർ കാർഡ് വിവരങ്ങൾ പോലീസിനു കൈമാറുന്നു
12:58 AM Jun 23, 2018 | Deepika.com