ന്യൂഡൽഹി: ആന്ധ്രാപ്രദേശിൽ ഒരു കക്ഷിയുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ആന്ധ്രാപ്രദേശിന്റെ ചുമതല ഏറ്റെടുത്തു സംസ്ഥാനത്തേക്കു പോയതിനുശേഷം ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ആന്ധ്രായിൽ നിന്നുള്ള നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് എഐസിസി ആസ്ഥാനത്ത് ഉമ്മൻ ചാണ്ടി പത്രസമ്മേളനവും നടത്തി.
അതിനിടെ, രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടു കൊടുത്തത് സംബന്ധിച്ചു പ്രഫ. പി.ജെ കുര്യൻ ദേശീയ നേതൃത്വത്തിന് പരാതി നൽകുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കുര്യന് അതിനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി വിഷയം അവസാനിപ്പിച്ചു. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. പാർട്ടിക്കുള്ളിൽ ആർക്കും പരാതി പറയാനുള്ള അവകാശമുണ്ട്. കേരളത്തിൽ നടന്ന രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് നേരത്തെ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ആന്ധ്രായിൽ ആരുമായും കോൺഗ്രസ് സഖ്യമുണ്ടാക്കില്ലെന്ന് ഉമ്മൻ ചാണ്ടി
12:56 AM Jun 21, 2018 | Deepika.com