ശ്രീനഗർ: ജമ്മു കാഷ്മീർ നാലു ദശകത്തിനിടെ ഗവർണർഭരണത്തിലായത് ഇപ്പോൾ എട്ടാം തവണ ഗവർണർഭരണത്തിലാകാൻ ഒരുങ്ങുന്നു. ഗവർണർ എൻ.എൻ. വോഹ്റയുടെ കാലത്തെ നാലാം ഗവർണർഭരണമാകും ഇത്. കാഷ്മീർ ഇതിനു മുന്പ് ഏഴു തവണ ഗവർണർഭരണത്തിലായതിൽ പല വിധത്തിൽ പങ്കു വഹിച്ചയാളാണ് മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ്. അവസാനം കാഷ്മീർ ഗവർണർഭരണത്തിലായതു മുഫ്തിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു.
കാഷ്മീരിലെ ഗവർണർഭരണം
1977 മാർച്ച് 26-ജൂലൈ ഏഴ് (105 ദിവസം)
ഷേക്ക് മുഹമ്മദ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സർക്കാരിനുള്ള പിന്തുണ മുഫ്തി മുഹമ്മദ് സയീദ് അധ്യക്ഷനായ കോൺഗ്രസ് പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതോടെ ഗവർണർഭരണം അവസാനിച്ചു.
1986 മാർച്ച് ആറ്-നവംബർ ഏഴ്(246 ദിവസം)
ഗുലാം മുഹമ്മദ് (ജി.എം) ഷായുടെ ന്യൂനപക്ഷ സർക്കാരിനുള്ള പിന്തുണ മുഫ്തി മുഹമ്മദ് സയീദ് അധ്യക്ഷനായ കോൺഗ്രസ് പിൻവലിച്ചു. ഫാറൂഖ് അബ്ദുള്ള സർക്കാരിനെ മറിച്ചിട്ടായിരുന്നു ഷാ 1984ൽ സർക്കാരുണ്ടാക്കിയത്. ഫാറൂഖും പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയും സഖ്യമുണ്ടാക്കിയതിനെത്തുടർന്ന് നാഷണൽ കോൺഫറൻസ് വീണ്ടും അധികാരത്തിലെത്തി.
1990 ജനുവരി 19-1996 ഒക്ടോബർ ഒന്പത് (ആറു വർഷം 264 ദിവസം)
കാഷ്മീർ തീവ്രവാദത്തിന്റെ പിടിയിലമർന്നപ്പോൾ ജഗ്മോഹനെ ഗവർണറായി കേന്ദ്രസർക്കാർ നിയമിച്ചു. ഇതിൽ പ്രതിഷേധിച്ച് ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സയീദാണ്, ഫാറൂഖിന്റെ എതിർപ്പ് അവഗണിച്ച് ജഗ്മോഹനെ നിയമിച്ചത്. 1996-ലെ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് അധികാരത്തിലെത്തി.
2002 ഒക്ടോബർ 18-നവം.രണ്ട് (15 ദിവസം)
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഫാറൂഖ് അബ്ദുള്ള കെയർടേക്കർ മുഖ്യമന്ത്രിയായി തുടരാൻ വിസമ്മതിച്ചു. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന സഭയിൽ പിന്നീടു പിഡിപിയും കോൺഗ്രസും സ്വതന്ത്രരും ചേർന്ന് സർക്കാരുണ്ടാക്കി.
2008 ജൂലൈ 11-2009 ജനുവരി അഞ്ച് (178 ദിവസം)
ഗുലാം നബി ആസാദിന്റെ കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ മുഫ്തി മുഹമ്മദ് സയീദിന്റെ പിഡിപി പിൻവലിച്ചു. ആസാദ് രാജിവച്ചു. 2009 ജനുവരി അഞ്ചിന് നാഷണൽ കോൺഫറൻസിന്റെ ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായി.
2015 ജനുവരി ഒന്പത്-മാർച്ച് ഒന്ന് (51 ദിവസം)
തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല. ഒമർ അബ്ദുള്ള ജനുവരി ഏഴിനു രാജിവച്ചു. 2015 മാർച്ച് ഒന്നിനു മുഫ്തി മുഹമ്മദ് സയീദിന്റെ പിഡിപി-ബിജെപി സർക്കാർ അധികാരത്തിലെത്തി.
2016 ജനുവരി എട്ട്-ഏപ്രിൽ നാല് (87 ദിവസം)
മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തെത്തുടർന്ന് സർക്കാർ രൂപവത്കരണം വൈകി. 2016 ഏപിൽ നാലിനു മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായി.
നാലു ദശകത്തിനിടെ കാഷ്മീർ എട്ടാം തവണ ഗവർണർഭരണത്തിലേക്ക്
01:03 AM Jun 20, 2018 | Deepika.com