മുംബൈ: രാജ്യതലസ്ഥാനത്ത് ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ കുത്തിയിരുപ്പു സമരം നടത്തുന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ മുംബൈ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയെ വിളിച്ച് സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതിലുള്ള നന്ദി അറിയിച്ചു.
താക്കറെയുടെ മാധ്യമ ഉപദേഷ്ടാവ് ഹർഷാൽ പ്രഥാനാണ് ഇക്കാര്യം അറിയിച്ചത്. എൻഡിഎയുടെ സഖ്യകക്ഷിയായ ശിവസേനയുടെ നീക്കം ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. സമരത്തിനു പിന്തുണ നല്കിയതിനു മഹാരാഷ്ട്ര നവനിർമാൺ സേനയുടെ തലവൻ രാജ് താക്കറെയോടും നന്ദി അറിയിച്ചു. വ്യത്യസ്ത നിലപാടുകൾ മാറ്റിവച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള പാർട്ടികളുടെ ഒറ്റക്കെട്ടായുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എഎപി വക്താവ് പ്രീതി ശർമ മേനോൻ പറഞ്ഞു. കേജരിവാളും ഉദ്യോഗസ്ഥവൃന്ദവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതു പ്രധാനമന്ത്രിയുടെ ചുമതലയല്ലേ എന്നു കഴിഞ്ഞയാഴ്ച രാജ് താക്കറെ ചോദിച്ചിരുന്നു.
ഉദ്ധവിനെ കേജരിവാൾ വിളിച്ചു, പിന്തുണയ്ക്കു നന്ദി അറിയിച്ചു
01:01 AM Jun 19, 2018 | Deepika.com