മുംബൈ: മക്കൾ ഉപേക്ഷിച്ചു വൃദ്ധസദനത്തിൽ കഴിയേണ്ടിവന്ന പ്രമുഖ നടി ഗീത കപൂർ(57)അന്തരിച്ചു. സിനിമാ സംവിധായകൻ അശോക് പണ്ഡിറ്റാണ് ഗീതയുടെ മരണവിവരം അറിയിച്ചത്. പകീസ, റസിയ സുൽത്താൻ തുടങ്ങിയ നൂറുകണക്കിനു സിനിമകളിൽ ഗീത അഭിയിച്ചിട്ടുണ്ട്.
ഏപ്രിൽ 2017ലാണ് മകൻ രാജ ഗുഡ്ഗാവിലുള്ള എസ്ആർവി ആശുപത്രിയിൽ ഗീതയെ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിൽ വ്യതിയാനം കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സ വേണമെന്നു ഡോക്ടർമാർ നിർദേശിച്ചു. എടിഎമ്മിൽനിന്നു പണമെടുത്തു വരാമെന്നു പറഞ്ഞു മടങ്ങിയ രാജയെ പിന്നീട് ആരും കണ്ടിട്ടില്ല. സിനിമകളിൽ താരങ്ങളെ ഡാൻസ് പരിശീലിപ്പിക്കുന്ന ആളാണു രാജ. മകൾ പൂജ എയർഹോസ്റ്റസാണ്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആരും എത്തിയില്ലെങ്കിൽ തിങ്കളാഴ്ച സംസ്കാരം നടത്തുമെന്ന് അശോക് പറഞ്ഞു.
ബോളിവുഡ് നടി ഗീത കപൂർ അന്തരിച്ചു
01:28 AM May 27, 2018 | Deepika.com