ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ ഒരുവിധത്തിലും അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം സർക്കാരുകൾ നൽകണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി(സിബിസിഐ) അധ്യക്ഷൻ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ സന്ദർശിച്ചു സിബിസിഐ പ്രസിഡന്റ് ചർച്ച നടത്തുകയും ചെയ്തു. രാജ്യത്താകെ ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്നു കരുതുന്നില്ല. എന്നാൽ പ്രശ്നങ്ങൾ ഉണ്ടാക്കാനായി തെറ്റിദ്ധരിക്കപ്പെട്ട ചില ശക്തികൾ ശ്രമിക്കുന്നതു നിർഭാഗ്യകരവുമാണ്. ഇത്തരം സംഭവങ്ങൾ പൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശം സർക്കാരുകൾ നൽകേണ്ടതുണ്ടെന്നും കർദിനാൾ ചൂണ്ടിക്കാട്ടി. സിബിസിഐ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷമുള്ള സൗഹൃദ കൂടിക്കാഴ്ചയാണ് രാജ്നാഥുമായി നടത്തിയതെന്നും കർദിനാൾ പറഞ്ഞു.
ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ആശങ്ക വളർത്തുന്ന സംഭവങ്ങൾ നടക്കുന്നുണ്ട്. മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിന് സർക്കാർ വേണ്ടതു ചെയ്യുന്നില്ല. സമൂഹത്തെ ധ്രുവീകരിക്കുന്നതിനുള്ള ശ്രമങ്ങളും വരുന്നുണ്ടെന്നും കർദിനാൾ ഡോ. ഗ്രേഷ്യസ് പറഞ്ഞു. രാജ്യത്തിനുവേണ്ടി പ്രാർഥന നടത്തണമെന്ന ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോയുടെ കുറിപ്പിന്റെ പേരിലുള്ള വിവാദം അനാവശ്യമാണെന്ന് സിബിസിഐ പ്രസിഡന്റ് സൂചിപ്പിച്ചു.
ന്യൂനപക്ഷങ്ങൾക്കെതിരേ അതിക്രമങ്ങൾ അനുവദിക്കരുത്: കേന്ദ്രത്തോട് സിബിസിഐ പ്രസിഡന്റ്
01:10 AM May 26, 2018 | Deepika.com