ന്യൂഡൽഹി: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് സസ്യാഹാര ദിനമായി ആചരിക്കാൻ ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച ശിപാർശ റെയിൽവേ ബോർഡ് കേന്ദ്രസർക്കാരിന് സമർപ്പിച്ചു. 2018, 2019, 2020 വർഷങ്ങളിലെ ഗാന്ധിജയന്തി ദിനങ്ങളിൽ ട്രെയിനുകളിൽ മാംസാഹാരം വിതരണം ചെയ്യില്ലെന്നാണ് റെയിൽവേ ബോർഡിന്റെ തീരുമാനം. മഹാത്മാഗാന്ധിയുടെ ജന്മദിവസമായ ഒക്ടോബർ രണ്ടിന് രാഷ്ട്രീയ സ്വച്ഛതാ ദിവസമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. ഗാന്ധിജിയുടെ 150-ാം ജൻമവാർഷികത്തോടനുബന്ധിച്ചു വിപുലമായ പരിപാടികളാണു കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നത്.
ഇതിനു പുറമേ സബർമതിയിൽനിന്ന് ഗാന്ധിജിയുമായി ബന്ധപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രത്യേക സ്വച്ഛതാ എക്സ്പ്രസുകളും റെയിൽവേ ഓടിക്കും. ഗാന്ധിജിയുടെ ചിത്രം പതിച്ച ടിക്കറ്റുകളായിരിക്കും യാത്രക്കാർക്കു വിതരണം ചെയ്യുന്നത്. ഇതിനായുള്ള ശിപാർശ കേന്ദ്രസാംസ്കാരിക മന്ത്രാലയത്തിന് റെയിൽവേ ബോർഡ് സമർപ്പിച്ചിട്ടുണ്ട്. ഈ വർഷം മുതൽ മൂന്നു വർഷത്തേക്ക് ഒക്ടബോർ രണ്ടിന് ട്രെയിനുകളിൽ നോണ്‍ വെജിറ്റേറിയൻ ആഹാരം വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് എല്ലാ സോണൽ ഓഫീസുകളിലേക്കും റെയിൽവേ ബോർഡ് സർക്കുലർ അയച്ചിട്ടുണ്ട്. ജീവനക്കാരും ഇക്കാര്യം പാലിക്കണമെന്ന് സർക്കുലറിൽ ആവശ്യപ്പെടുന്നു.
ഗാന്ധിജയന്തിദിനം വെജിറ്റേറിയനാക്കി ഇന്ത്യൻ റെയിൽവേ
12:45 AM May 21, 2018 | Deepika.com