ന്യൂഡൽഹി: പോലീസ് അസോസിയേഷൻ രാഷ്ട്രീയവത്കരിക്കുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം തന്നെ അദ്ഭുതപ്പെടുത്തി. ഇത് ഒരിക്കലും ഒരു മുഖ്യമന്ത്രിക്ക് ചേർന്ന കാര്യമല്ല. പോലീസ് എല്ലാവരെയും ഒരുപോലെ കാണാൻ ബാധ്യസ്ഥരാണ്. അവരെ രാഷ്ട്രീയവത്ക്കരിച്ചു കൊണ്ട് ഭരണത്തിൽ നിൽക്കുന്ന ഒരു പാർട്ടി അത്തരം നടപടികളെ പ്രോത്സാഹിപ്പിക്കുന്നത് ഒരിക്കലും ശരിയായ നടപടിയല്ല. തന്നെയുമല്ല അവിടെ രക്തസാക്ഷി മണ്ഡപം ഉണ്ടാക്കി പാർട്ടി നേതാക്കൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നത് ശരിയാണ് എന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. വിഭാഗീയമായി പോലീസ് പ്രവർത്തിക്കുന്നതിനെ പിന്തുണച്ചതിലൂടെ മുഖ്യമന്ത്രി ഒരു തെറ്റായ സന്ദേശമാണ് നൽകുന്നത്. കേരള പോലീസിന്റെ ചരിത്രത്തിൽ ഒരു ആഭ്യന്തര മന്ത്രിയും ചെയ്യാത്ത കാര്യമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓരോ സ്റ്റേഷനുകളിലും നടക്കുന്ന അക്രമങ്ങൾ, അഴിമതി അതോടൊപ്പം തന്നെ മൂന്നാം മുറ, ലോക്കപ്പ് മരണങ്ങൾ ഇതെല്ലാം വ്യാപകമാകുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പോലീസിലെ രാഷ്ട്രീയവത്കരണത്തെ പിണറായി ന്യായീകരിക്കുന്നു: ചെന്നിത്തല
12:55 AM May 15, 2018 | Deepika.com