ഹൈദരാബാദ്: ഇരുപക്ഷം തിരിഞ്ഞുള്ള അധികാരതര്ക്കത്തിനൊടുവില് സിപിഎം പാര്‍ട്ടി സെക്രട്ടറിയെയും പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസിനുള്ളില്‍ അലിഞ്ഞുതീരാതെ അവശേഷിക്കുന്ന ഭിന്നത യെച്ചൂരിക്കു മുന്നില്‍ വെല്ലുവിളിയാകും. പാര്‍ട്ടി ഒറ്റക്കെട്ടെന്നു പ്രഖ്യാപിക്കുമ്പോഴും അകത്തും പുറത്തും ആ ഐക്യം ഉറപ്പിച്ചുനിര്‍ത്തുക എന്നതും കേരളം, ബംഗാള്‍ സംസ്ഥാനങ്ങളുടെ നിലപാടുകളെ സമവായത്തോടെ നേരിടുക എന്നതും യെച്ചൂരിക്കു മുന്നില്‍ വലിയ പരീക്ഷണമാകും.
കേന്ദ്രകമ്മിറ്റിയില്‍ വോട്ടിനിട്ടു പരാജയപ്പെട്ടെങ്കിലും കരടു രാഷ്ട്രീയ പ്രമേയത്തിന്മേല് താന്‍ അവതരിപ്പിച്ച ന്യൂനപക്ഷ നിലപാടിന് അനുസരിച്ചു രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതി വരുത്തിയതു ബംഗാള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളുടെ കൂട്ടുപിടിച്ചുള്ള സമ്മര്‍ദ തന്ത്രങ്ങള്ക്കൊടുവിലായിരുന്നു. ബംഗാളിനൊപ്പം യെച്ചൂരിയോട് ത്രിപുര ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ കൂടി അപ്രതീക്ഷതമായി ചേര്‍ന്നതോടെ രാഷ്ട്രീയ പ്രമേയത്തിലെ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച ഖണ്ഡിക മാറ്റിയെഴുതാം എന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു.
എന്നാല്‍, രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ വരുത്തിയ മാറ്റങ്ങളോടെ തര്‍ക്കങ്ങള്‍ അവസാനിച്ചില്ല. പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റികളിലേക്കുള്ള പുതിയ പാനല്‍ തീരുമാനിക്കുന്നതിലും ഭിന്നത നിഴലിച്ചു. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കേരളത്തില്‍നിന്നുള്ള എസ്. രാമചന്ദ്രന് പിള്ളയെ നിലനിര്‍ത്തണമെന്ന് കാരാട്ട് പക്ഷം വാദിച്ചു. അതോടൊപ്പംതന്നെ നിലവിലുള്ള പിബി, സിസി അംഗ ഘടന അതേപടി നിലനിര്‍ത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, ഇരുസമിതികളിലും ഭൂരിപക്ഷം ഉറപ്പാക്കാനായില്ലെങ്കിലും പരമാവധി അനുകൂല സാഹചര്യം ഉണ്ടാക്കണമെന്നുള്ള യെച്ചൂരി പക്ഷത്തിന്റെ നിലപാട് ഇതിനെതിരായി നിന്നു. ഒടുവില്‍ പിബിയിലേക്ക് ബംഗാളില്‍നിന്നു രണ്ടു പേരെ എത്തിച്ചും സിസിയില്‍ 19 പുതുമുഖങ്ങളെ എത്തിച്ചുമാണ് സമവായം ഉണ്ടാക്കിയത്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ ലൈന്‍ സംബന്ധിച്ചു ധാരണയായിട്ടും യെച്ചൂരിയുടെ നിലപാടു നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള തര്‍ക്കം പൂര്‍ണമായി അവസാനിക്കാതെ നില്ക്കുന്നു.
തങ്ങളുടെ നിലപാടു പാര്‍ട്ടികോണ്‍ഗ്രസില്‍ പിന്തള്ളപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ വിമുഖതയുള്ള കാരാട്ടുപക്ഷം ഐക്യ പ്രഖ്യാപനത്തിനു ശേഷം ഇനിയും അസ്വാരസ്യങ്ങള്‍ തുടര്‍ന്നാല്‍ അതിലൊരു സമവായം ഉണ്ടാക്കാന്‍ പാര്‍ട്ടി സമിതികളും സീതാറാം യെച്ചൂരിയും ഏറെ പ്രതിസന്ധികള്‍ മറികടക്കേണ്ടി വരും.
തീരാത്ത തര്‍ക്കം യെച്ചൂരിക്കു തലവേദനയാകും
01:11 AM Apr 23, 2018 | Deepika.com