അമൃത്സർ: പത്തുദിവസത്തെ ബൈശാഖി ഉത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 12നു പാക്കിസ്ഥാനിലെ വിവിധ സിക്ക് തീർഥാടനകേന്ദ്രങ്ങൾ സന്ദർശിക്കാൻ പോയ സിക്ക് ജാഥാ സംഘത്തിലെ ഇന്ത്യൻ പൗരനെ കാണാനില്ലെന്നു പരാതി. അമൃത്സർ ജില്ലയിലെ നിരഞ്ജൻപുര സ്വദേശി അമർജിത് സിംഗി(24)നെയാണ് കാണാതായത്. മറ്റുള്ളവർ ഇന്നലെ ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു. മറ്റുള്ളവരുടെ പാസ്പോർട്ടിനൊപ്പം സിംഗിന്റെ പാസ്പോർട്ടും ഇവാക്വീ ട്രസ്റ്റ് പ്രോപർട്ടി ബോർഡിലെ ഉദ്യോഗസ്ഥരുടെ പക്കലായിരുന്നു. അമർജിത് പാസ്പോർട്ട് കൈപ്പറ്റാൻ എത്താതിരുന്നതു ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥരാണ് ഈ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.
ഇവർ നടത്തിയ അന്വേഷണത്തിൽ ലാഹോറിലെ നാൻകനാ സാഹിബിന്റെ ശവകുടീരത്തിലെത്തിയ വേളയിലാണ് അമർജിത് അപ്രത്യക്ഷനായതെന്നു കണ്ടെത്തി. ഏപ്രിൽ 12ന് ഇവർക്കൊപ്പം പോയ വനിതാ അംഗം കിരൺ ബാലയെ സമാന സാഹചര്യത്തിൽ കാണാതായിരുന്നുവെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവർ പാക്കിസ്ഥാനിലെ ഒരു മുസ്ലിം യുവാവിനെ വിവാഹം ചെയ്തു മതം മാറിയതായി ഉദ്യോഗസ്ഥർക്കു വിവരം ലഭിക്കുകയായിരുന്നു.
തീർഥാടനത്തിനു പാക്കിസ്ഥാനിലേക്കുപോയ ഇന്ത്യൻ പൗരനെ കാണാനില്ല
01:11 AM Apr 23, 2018 | Deepika.com