ഗാസിയാബാദ്: കാറിനുള്ളിലെ കുട്ടിക്കളി കാര്യമായി, കുട്ടിയുടെ കൈതട്ടി ഹാൻഡ് ബ്രേക്ക് മാറിയതിനെത്തുടർന്ന് കാർ ഉരുണ്ട് കൊക്കയിലേക്കു മറിഞ്ഞ് ഏഴു പേർ മരിച്ചു.
ഉത്തർപ്രദേശിലെ ഗാസിയാബാദിലായിരുന്നു സംഭവം. മകന്റെ വിവാഹ ചടങ്ങിൽ സംബന്ധിക്കാനെത്തിയ പിതാവും ആറ് ബന്ധുക്കളുമാണു മരിച്ചത്. ഇതിൽ ഒരു കുട്ടിയും നാലു സ്ത്രീകളും ഉൾപ്പെടുന്നു.
ബറേലി രാംപുർ സ്വദേശിയായ ഓം പ്രകാശ് രസ്തോഗിയും (55) ബന്ധുക്കളുമാണ് അപകടത്തിൽപെട്ടത്. ഇദ്ദേഹവും ബന്ധുക്കളായ 11 പേരുമാണ് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗാസിയാബാദിൽ എത്തിയത്. ടാറ്റാ സുമോ കാറിലാണ് ഇവർ സഞ്ചരിച്ചത്.
ഗാസിയാബാദിലെ വിജയ് നഗറിൽ ദേശീയപാത -24 ൽ ആയിരുന്നു അപകടം. റോഡരികിൽ കാർ നിർത്തിയിട്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. മുന്നിൽ ഇരുന്നിരുന്ന കുട്ടി ഡ്രൈവർ പുറത്തിറങ്ങിയപ്പോൾ ഹാൻഡ് ബ്രേക്ക് മാറ്റുകയായിരുന്നു. ഇതോടെ കാർ തനിയെ ഉരുണ്ട് കൊക്കയിലേക്കു മറിഞ്ഞു. അപകടത്തിൽ അഞ്ചു പേർക്കു പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. അപകടത്തിനു ശേഷം ഡ്രൈവറെ കാണാതായി.
കുട്ടിക്കളി കാര്യമായി; കാർ കൊക്കയിലേക്കു മറിഞ്ഞ് ഏഴു പേർ മരിച്ചു
12:18 AM Apr 22, 2018 | Deepika.com