ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ വികാരി ജനറാൾമാരായി ഫാ. ജോസ് വെട്ടിക്കൽ (പ്രൊട്ടോസിൻചെല്ലുസ്), ഫാ. സ്റ്റാൻലി പുൽപ്രയിൽ (സിൻചെല്ലുസ്), ഫാ. സിറിയക് കൊച്ചാലുങ്കൽ സിഎസ്ടി (സിൻചെല്ലുസ്) എന്നിവരെ നിയമിച്ചു. ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയാണ് നിയമനം നടത്തിയത്.
തലശേരി അതിരൂപതാംഗമായ ഫാ. ജോസ് വെട്ടിക്കൽ ചെന്പേരി ഇടവകാംഗമാണ്. 1981-ൽ പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഭദ്രാവതി രൂപതയിൽ വികാരി ജനറാളായും കുന്നോത്തു മേജർ സെമിനാരിയിലും ധർമാരാം കോളജിലും അധ്യാപകനുമായിരുന്നു.
ഇടുക്കി രൂപതയിലെ ചെല്ലിയാംപാറ ഇടവകാംഗമാണ് ഫാ. സ്റ്റാൻലി പുൽപ്രയിൽ. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നു സിസ്റ്റമാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം കോതമംഗലം മൈനർ സെമിനാരിയിൽ റെക്ടറായിരുന്നു. സിഎസ്ടി ഹനുമാൻഘട്ട് ക്രിസ്തുജ്യോതി പ്രൊവിൻസ് അംഗമായ ഫാ.ഡോ. സിറിയക് കൊച്ചാലുങ്കൽ ഫരീദാബാദ് രൂപതയുടെ കത്തീഡ്രൽ വികാരിയും മിഷൻ കോഓർഡിനേറ്ററുമാണ്.
ഫരീദാബാദ് രൂപതയ്ക്ക് മൂന്നു വികാരി ജനറാൾമാർ
01:36 AM Mar 21, 2018 | Deepika.com