ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാറ്റി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തിൽ സമവായമുണ്ടായാൽ പരിഗണിക്കുമെന്നു ബിജെപി. കോണ്ഗ്രസ് ഈ ആവശ്യമുന്നയിച്ചതിനു പിന്നാലെയാണു ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് വാർത്താ ഏജൻസിയെ ഇക്കാര്യം അറിയിച്ചത്.
വലിയ സമവായമുണ്ടായതിനു ശേഷമാണു ബാലറ്റ് പേപ്പറിൽ നിന്നു ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലേക്ക് മാറിയത്. അതു കോണ്ഗ്രസ് ഓർമിക്കുന്നതു നല്ലതാണ്. ഇപ്പോൾ, എല്ലാ പാർട്ടികളും ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്നാണ് ആവശ്യപ്പെടുന്നതെങ്കിൽ, ചർച്ചകൾക്കു ശേഷം അത് തങ്ങൾ പരിഗണിക്കുമെന്ന് രാം മാധവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി ബാലറ്റ് പേപ്പർ സംവിധാനത്തിലേക്കു മടങ്ങണമെന്ന് കോണ്ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് ആവശ്യമുന്നയിച്ചത്.
സമവായം വന്നാൽ പേപ്പർ ബാലറ്റ്: ബിജെപി
12:59 AM Mar 19, 2018 | Deepika.com