ന്യൂഡൽഹി: കോണ്ഗ്രസ് പ്രവർത്തക സമിതിയംഗങ്ങളുടെ പേരുകൾ പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രഖ്യാപിക്കും. പ്രവർത്തക സമിതിയിലെ പകുതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കിക്കൊണ്ട് എല്ലാവരെയും നിർദേശിക്കാൻ ഇന്നലെ എഐസിസി പ്ലീനറി സമ്മേളനം ഏകകണ്ഠമായി തീരുമാനിച്ചു.
പ്രാദേശിക പ്രാതിനിധ്യം അടക്കം സന്തുലിതാവസ്ഥ പാലിക്കുന്നതിനായി പ്രവർത്തക സമിതിയിലെ മുഴുവൻ അംഗങ്ങളെയും തെരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തുന്ന പ്രമേയം ഗുലാം നബി ആസാദ് ആണ് അവതരിപ്പിച്ചത്. സമ്മേളനത്തിലെ മുഴുവൻ അംഗങ്ങളും കൈപൊക്കിയാണ് പ്രമേയത്തെ പാസാക്കിയത്.
മുതിർന്ന അംഗങ്ങളെ മാനിച്ചു കൊണ്ടു പുതുതലമുറയ്ക്കും കഴിവുള്ളവർക്കും അവസരം നൽകുന്ന പുതിയ പ്രവർത്തക സമിതിയെ രാഹുൽ ദിവസങ്ങൾക്കകം പ്രഖ്യാപിച്ചേക്കുമെന്ന് മുതിർന്ന ഒരു നേതാവ് ദീപികയോടു പറഞ്ഞു. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ എന്നിവർ തുടരുമെന്നാണു സൂചന. വർക്കിംഗ് കമ്മിറ്റിയിലെ യുവ, വനിതാ, പട്ടികജാതി പ്രാതിനിധ്യം ഉയർത്താൻ രാഹുൽ തീരുമാനിച്ചിട്ടുണ്ട്.
പ്രവർത്തകസമിതി അംഗങ്ങളെ രാഹുൽ പ്രഖ്യാപിക്കും
12:59 AM Mar 19, 2018 | Deepika.com