ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ അക്കൗണ്ടൻസി ചോദ്യപേപ്പർ ചോർന്നതായി പരാതി. എന്നാൽ, ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും ഇതു സംബന്ധിച്ചു സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സിബിഎസ്ഇ.
എന്നാൽ, പരീക്ഷ പേപ്പർ ചോർന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ടെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വാട്സ് ആപ്പ് വഴി ചോർന്ന സിബിഎസ്ഇ അക്കൗണ്ടൻസി രണ്ടാം സെറ്റ് ചോദ്യപേപ്പറിന് ഒറിജിനലുമായി സാമ്യമുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയ പറഞ്ഞത്.
സിബിഎസ്ഇയുടെ ഇന്നലെ നടന്ന അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ചോർന്നുവെന്ന് ആരോപണം ഉയർന്നത്. ചോദ്യപേപ്പറിന്റെ രണ്ടാം സെറ്റിലുള്ള ചോദ്യങ്ങളാണ് വാട്സ് ആപ്പ് വഴി പ്രചരിച്ചത്. എന്നാൽ, ഇക്കാര്യം നിഷേധിച്ച സിബിഎസ്ഇ ചോദ്യപേപ്പറുകൾ സുരക്ഷിതമായിരുന്നു എന്നുറപ്പിച്ചു പറയുന്നു.
ചോദ്യപേപ്പർ വാട്സാപ്പിലെന്നു പരാതി; ചോർന്നിട്ടില്ലെന്ന് സിബിഎസ്ഇ
01:25 AM Mar 16, 2018 | Deepika.com