ന്യൂഡൽഹി: ക്ഷയരോഗ സംബന്ധമായ ആരോഗ്യ റിപ്പോർട്ടിംഗിനുള്ള റീച്ച്-ലില്ലി ദേശീയ മാധ്യമ അവാർഡിനു ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അർഹനായി.
35,000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന അവാർഡ് നാളെ വൈകുന്നേരം ഡൽഹി താജ് മഹൽ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ റീച്ച് എക്സിക്യൂട്ടീവ് ഡയറക്്ടർ ഡോ. ലൂസിയ ഡിഷ്യു സമ്മാനിക്കും. ക്ഷയരോഗനിർമാർജന പ്രവർത്തനത്തിന് യുഎൻ സഹകരണത്തോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് റീച്ച്.
തബാസും ബർണാഗർവാല (ഇന്ത്യൻ എക്സ്പ്രസ്), രാകേഷ് മാളവ്യ (എൻഡിടിവി), ശക്തി കുച്രൂ, ഗീതാഞ്ജലി മനാസ് (ഗവേണൻസ് നൗ), ശ്രേയ ഷാ (ഇന്ത്യ സ്പെൻഡ്സ്), നന്ദിത വെങ്കടേശൻ (ടൈംസ് ഓഫ് ഇന്ത്യ), ആനന്ദ് തിവാരി (പ്രഭാത് ഖബാർ) എന്നിവരും അവാർഡിന് അർഹരായി. റീച്ച് ലില്ലി മാധ്യമ ഫെലോഷിപ്പ് മുന്പും റെജിക്കു ലഭിച്ചിട്ടുണ്ട്. പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്ലി. മക്കൾ: ആഗ്നസ്, അൽഫോൻസ്.
റെജി ജോസഫിന് റീച്ച്-ലില്ലി ദേശീയ മാധ്യമ അവാർഡ്
12:45 AM Mar 14, 2018 | Deepika.com