ന്യൂഡൽഹി: ആയിരം കോടി രൂപയുടെ സന്പാദ്യവുമായി ജയ ബച്ചൻ രാജ്യത്തെ ഏറ്റവും സന്പന്നയായ പാർലമെന്റ് അംഗം. നിലവിൽ രാജ്യസഭാംഗമായ ജയ ബച്ചനെ സമാജ് വാദി പാർട്ടി വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കുകയാണ്. പ്രമുഖ ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ഭാര്യയും നടിയുമായ ജയ ബച്ചനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് എസ്പി നേതാവ് നരേഷ് അഗർവാൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.
രാജ്യസഭയിലെ അടുത്ത സന്പന്നനായ എംപി ബിജെപി അംഗമായ രവീന്ദ്ര കിഷോറാണ്. 800 കോടി രൂപയുടെ സ്വത്തുണ്ട് അദ്ദേഹത്തിന്. പുതിയ തെരഞ്ഞൈടുപ്പിനായി നൽകിയ സത്യവാങ്മൂലത്തിലാണ് ജയ ബച്ചൻ തന്റെ സ്വത്തുക്കൾ ആയിരം കോടി എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ജയ ബച്ചനും ഭർത്താവ് അമിതാഭ് ബച്ചനും കൂടി 460 കോടി രൂപയുടെ സ്ഥാവര സ്വത്തും. 343 കോടി രൂപയുടെ ജംഗമ വസ്തുക്കളുമുണ്ട്. 62 കോടി രൂപയുടെ ആഭരണങ്ങളുണ്ട്. അമിതാഭ് ബച്ചന് 36 കോടിയുടെ ആഭരണങ്ങളാണുള്ളത്. 12 വാഹനങ്ങൾ ഉള്ളതിൽ രണ്ടെണ്ണം 13 കോടി രൂപയ്ക്കു മുകളിൽ വിലയുള്ളതാണ്. ഇതിൽ റോൾസ് റോയ്സ്, മൂന്നു മെർസിഡസ് ബെൻസ്, പോർഷെ, റെയ്ഞ്ച് റോവർ തുടങ്ങിയ ആഡംബര കാറുകളും ഉൾപ്പെടുന്നു. അമിതാഭ് ബച്ചന് ഒരു ടാറ്റാ നാനോ കാറും ട്രാക്ടറും സ്വന്തമായുണ്ട്.
ജയ ബച്ചന് 3.4 കോടി രൂപയുടെ വാച്ചുകളും അമിതാഭ് ബച്ചന് 51 ലക്ഷം രൂപയുടെ വാച്ചുകളും ഉണ്ട്. ജയ ബച്ചന് സ്വന്തമായി ഒന്പതു ലക്ഷം രൂപയുടെ പേനയുമുണ്ട്. ഇരുവർക്കുമായി ഫ്രാൻസിൽ 3,175 സ്ക്വയർ മീറ്റർ പാർപ്പിടസമുച്ചയമുണ്ട്. ഇതിനു പുറമേ നോയിഡ, ഭോപ്പാൽ, പൂന, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലും വസതികളുണ്ട്. ജയ ബച്ചന്റെ പേരിൽ 1.22 ഹെക്ടർ കൃഷിയിടമുള്ളത് ലക്നോയിലാണ്. ദൗലത്പൂരിൽ അമിതാഭ് ബച്ചന് മൂന്നേക്കർ കൃഷിയിടമുണ്ട്.
ജയ ബച്ചന്റെ സന്പാദ്യം 1000 കോടി
12:45 AM Mar 14, 2018 | Deepika.com