ബാംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചുട്ട മറുപടി നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രത്തിലെ എൻഡിഎ സർക്കാർ തൊണ്ണൂറ് ശതമാനം കമ്മീഷൻ സർക്കാരാണെന്ന് ആരോപിച്ചു. കർണാടകയിലെ പൊതുയോഗങ്ങളിൽ മോദി, കോൺഗ്രസ് ഭരണത്തെ പത്തുശതമാനം കമ്മീഷൻ സർക്കാരെന്നു വിശേഷിപ്പിച്ചിരുന്നു. ഗവർണറുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം.
കർണാടകയിലെ മുൻ ബിജെപി സർക്കാർ അഴിമതിയുടെ ഭണ്ഡാരമായിരുന്നെങ്കിൽ, ഇപ്പോഴത്തെ കേന്ദ്ര ഭരണം 90 ശതമാനം കമ്മീഷന്റേതാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ സർക്കാരിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ ബിജെപിക്കും അതിന്റെ നേതാക്കൾക്കും കഴിഞ്ഞിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ആരോപണങ്ങൾ ആർക്കെങ്കിലുമെതിരേ ഉന്നയിച്ചാൽ നിയമ പ്രകാരം അവർ അതു തെളിയിക്കണം.
ബിജെപിയും അതിന്റെ നേതാക്കളും അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും തന്റെ ഭരണത്തെ 10 ശതമാനം കമ്മീഷൻ സർക്കാരാണെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നതല്ലാതെ ഒന്നും തെളിയിക്കുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈ പരാമർശം ഭരണ - പ്രതിപക്ഷ ബഞ്ചുകൾ തമ്മിൽ രൂക്ഷമായ വാദ പ്രതിവാദത്തിനും ഇടയാക്കി.
എൻഡിഎയുടേത് ‘90% കമ്മീഷൻ സർക്കാർ’: സിദ്ധരാമയ്യ
01:03 AM Feb 23, 2018 | Deepika.com