മുംബൈ: നീരവ് മോദി ദുബായിലാണെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നവംബറിനു മുന്പേ നീരവ് പ്രവാസി ഇന്ത്യക്കാരൻ (എൻആർഐ) ആയി മാറിയിരുന്നു. ഇന്ത്യയിൽ സ്ഥിരതാമസക്കാരൻ (റെസിഡന്റ്) എന്ന നിലയിലാണ് നീരവിന് ബാങ്കിൽ ഇടപാടുകൾ ഉള്ളത്. എന്നാൽ, നീരവ് മോദിയുടെ എഎൻഎം എന്റർ പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ പ്രധാന രേഖയിൽ ഇയാളെ എൻആർഐ എന്നാണു രേഖപ്പെടുത്തിയത്.
വിവാദ അഭിഭാഷകൻ
നീരവ് മോദിക്കു വേണ്ടി കോടതികളിൽ ഹാജരാകാൻ പോകുന്നത് വിവാദ അഭിഭാഷകൻ വിജയ് അഗർവാൾ ആണെന്നും റിപ്പോർട്ടുണ്ട്. അഗൾവാളിന്റെ പ്രതിനിധികൾ ദുബായിൽ നീരവിനെ കാണാൻ പോയിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ. 2ജി കേസിലെ പ്രതികളായ ഷഫീദ് ഉസ്മാൻ ബൽവ, വിനോദ് ഗോയങ്ക തുടങ്ങിയവർക്കുവേണ്ടി ഹാജരായ ആളാണ് അഗൾവാൾ. ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായി പ്രവർത്തിച്ചതിന്റെ പേരിൽ അദ്ദേഹത്തെ ന്യൂഡൽഹി ബാർ അസോസിയേഷൻ പുറത്താക്കിയിരുന്നു.
നീരവ് മോദി ദുബായിൽ എന്നു റിപ്പോർട്ട്
01:01 AM Feb 20, 2018 | Deepika.com