മൈസൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉദ്യോഗസ്ഥവൃന്ദത്തിനും മൈസൂരു ലളിത മഹൽ പാലസിൽ മുറി കിട്ടിയില്ല. ഇതേത്തുടർന്ന് ജില്ലാഭരണകൂടം ഇടപെട്ട് സിറ്റിയിലെ മറ്റൊരു സ്റ്റാർഹോട്ടലായ റാഡിസൺ ബ്ലൂവിൽ താമസസൗകര്യമൊരുക്കി പ്രശ്നം പരിഹരിച്ചു. എല്ലാ മുറികളും വിവാഹസത്കാരത്തിന്റെ ഭാഗമായി നേരത്തേ ബുക്ക് ചെയ്തിരുന്നതിനാൽ പ്രധാനമന്ത്രിക്കു മുറി നല്കാൻ കഴിഞ്ഞില്ലെന്നു ഹോട്ടൽ ജനറൽ മാനേജർ ജോസഫ് മത്യാസ് പറഞ്ഞു.
മൂന്നു മുറികൾ മാത്രമാണ് ഒഴിവുണ്ടായിരുന്നത്. എന്നാൽ, സുരക്ഷാകാരണങ്ങൾകൊണ്ട് അതുമതിയാവില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഓഫീസിൽനിന്ന് അറിയിച്ചതായും ജോസഫ് മത്യാസ് പറഞ്ഞു.
എന്നാൽ, മോദി എത്തുന്നതിനുമുന്പ് ലളിത മഹലിലെ വിവാഹ ആഘോഷങ്ങൾ പൂർത്തിയായിരുന്നു. ഹാസൻ ജില്ലയിലെ ജൈനമത തീർഥാടനകേന്ദ്രമായ ശ്രവണബലഗോള സന്ദർശിക്കാനാണു മോദി മൈസൂരുവിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സംഘടിപ്പിച്ച റാലിയിലും സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഒരു പൊതുപരിപാടിയിലും മോദി പങ്കെടുത്തു.
മൈസൂരുവിലെ ലളിത മഹൽ പാലസിൽ നരേന്ദ്ര മോദിക്കു തങ്ങാൻ മുറിയില്ല
01:00 AM Feb 20, 2018 | Deepika.com