ന്യൂഡൽഹി: വായ്പ തട്ടിപ്പ് കേസിൽ വജ്രവ്യാപാരി നീരവ് മോദി രാജ്യം വിട്ട സംഭവത്തിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കുമെതിരേ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കുറ്റക്കാരനെപ്പോലെ പെരുമാറുന്നത് അവസാനിപ്പിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നു രാഹുൽ ആവശ്യപ്പെട്ടു. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഒളിവിലാണെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ രാഹുൽ പരിഹസിച്ചു.
പരീക്ഷയിൽ എങ്ങനെ വിജയിക്കാമെന്നു വിദ്യാർഥികളുമായി മണിക്കൂറിലേറെ സംസാരിക്കുന്ന പ്രധാനമന്ത്രി മോദി, 22,000 കോടിയുടെ ബാങ്ക് തട്ടിപ്പിനെ കുറിച്ച് രണ്ടു മിനിറ്റ് പോലും സംസാരിക്കാൻ തയാറാകുന്നില്ല. ജയ്റ്റ്ലി ഒളിവിലാണ്. കുറ്റക്കാരെ പോലെ പെരുമാറുന്നത് അവസാനിപ്പിക്കൂ, സംസാരിക്കൂ’- ട്വീറ്റിൽ രാഹുൽ പറഞ്ഞു.
ഉന്നതരുടെ പിന്തുണയില്ലാതെ ഇത്രവലിയ തട്ടിപ്പ് നടത്താനാകില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. നീരവ് മോദി വിഷയത്തിൽ എന്ത് നടപടിയാണു സ്വീകരിക്കാൻ ഒരുങ്ങുന്നതും ബാങ്കുകളെ സുരക്ഷിതമാക്കാൻ എന്തു നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കണമെന്നു ശനിയാഴ്ച രാഹുൽ ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയോടു രാഹുൽ ?.. "കുറ്റക്കാരനെപ്പോലെ പെരുമാറരുത്, പ്രതികരിക്കൂ'
12:55 AM Feb 19, 2018 | Deepika.com