ന്യൂഡൽഹി: നീരവ് മോദിയുടെ ബാങ്ക് തട്ടിപ്പ് കേന്ദ്രസർക്കാരിന്റെ അറിവോടെയാണെന്നും ഈ കൊള്ളക്കാർ രക്ഷപ്പെട്ടത് എങ്ങിനെയെന്ന് പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സാധാരണ ക്കാരുടെ ബാങ്ക് നിക്ഷേപം കൊള്ളയടിക്കാൻചങ്ങാതികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിക്കുകയാണെന്ന് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
സർക്കാരിലെ ഉന്നതർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരിക്കണം. ഇല്ലെങ്കിൽ ഇത്ര വലിയ തട്ടിപ്പ് സാധ്യമാകുമായിരുന്നില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഫലമാണ് വൻ ബാങ്ക് തട്ടിപ്പിന് പിന്നിലെന്ന് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ആരോപിച്ചു.
തട്ടിപ്പുകാരായ നീരവ് മോദിയും ലളിത് മോദിയും വിജയ് മല്യയും വിദേശത്തേക്കു കടക്കാൻ സഹായിച്ചത് മോദി സർക്കാരാണെന്ന് എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല ചൂണ്ടിക്കാട്ടി.
ജോർജ് കള്ളിവയലിൽ
തട്ടിപ്പ് സർക്കാരിന്റെ അറിവോടെ: രാഹുൽ ഗാന്ധി
02:58 AM Feb 18, 2018 | Deepika.com