ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇനി വീട്ടിലിരുന്നും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.
വോട്ടർ ഐഡി രജിസ്റ്റർ ചെയ്യാനും താമസ സ്ഥലം മാറിയാൽ തെരഞ്ഞെടുപ്പ് ഓഫീസിലോ വോട്ടർ ബൂത്തിലോ പോകാതെ വിലാസം മാറ്റുന്നതിനും ഈ ആപ്പ് വഴി സാധിക്കും. അടുത്ത ജൂണ്‍ മുതൽ ഈ സംവിധാനം നിലവിൽ വരും.
രജിസ്റ്റർ ചെയ്തിട്ടുള്ള ഫോണ്‍ നന്പറിലേക്ക് അയയ്ക്കുന്ന ഒടിപി ഉപയോഗിച്ചായിരിക്കും വോട്ടർ ഐഡിയിൽ മാറ്റം വരുത്തേണ്ടത്. ഒരിക്കൽ വിലാസം മാറ്റുന്പോൾ മുൻപു നൽകിയിരിക്കുന്ന വിലാസം ഓട്ടോമാറ്റിക് ആയി നീക്കം ചെയ്യപ്പെടും. ഏകദേശം 7,500 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
ഇലക്ടറൽ റോൾസ് സർവീസസ് നെറ്റ് (ഇറോനെറ്റ്) എന്ന മൊബൈൽ ആപ്ലിക്കേഷനിൽ ഈ സൗകര്യം ഉൾപ്പെടുത്തും. 22 സംസ്ഥാനങ്ങളാണ് ആപ്ലിക്കേഷനായി മുന്നോട്ടുവന്നിട്ടുള്ളതെന്നു തെരഞ്ഞെടുപ്പു കമ്മിഷണർ ഒ.പി. റാവത്ത് പറഞ്ഞു. ഗുജറാത്തും ഹിമാചൽ പ്രദേശും പോലെ ഒട്ടേറെ സംസ്ഥാനങ്ങൾ ഇതു നടപ്പിലാക്കിയിരുന്നില്ല.
കേന്ദ്ര ഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളും ജൂണിനു മുൻപുതന്നെ ഇതു നടപ്പിലാക്കുമെന്നാണു പ്രതീക്ഷ. പുതിയ രജിസ്ട്രേഷനോ മാറ്റങ്ങളോ വരുത്തുന്പോൾ അത് എസ്എംഎസ് വഴി ഉദ്യോഗസ്ഥരെ അറിയിക്കും. അതുവഴി പ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരാൻ സാധിക്കുമെന്നും റാവത്ത് പറഞ്ഞു.
വോട്ടർപട്ടികയിൽ പേര് ഇനി വീട്ടിലിരുന്നും ചേർക്കാം
12:38 AM Feb 16, 2018 | Deepika.com