ന്യൂഡൽഹി: കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പുസഖ്യമോ ധാരണയോ ഇല്ലാതെ ജനാധിപത്യമതേതര ശക്തികളുടെ ഒത്തൊരുമയിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നു സിപിഎം കരട് രാഷ്ട്രീയ പ്രമേയം.
പാർട്ടിയുടെ രാഷ്ട്രീയ ലൈനിന്റെ ഉള്ളിൽ നിന്നുകൊണ്ടുതന്നെ ബിജെപിക്ക് എതിരായ പരമാവധി വോട്ടുകൾ നേടിയെടുക്കാൻ തെരഞ്ഞെടുപ്പു കാലങ്ങളിൽ തന്ത്രങ്ങൾ സ്വീകരിക്കാമെന്നും കരട് രേഖയിൽ പറയുന്നു. ഹിന്ദുത്വ ശക്തികളെ തോൽപ്പിക്കാൻ കോണ്‍ഗ്രസ് ഒഴികെ ഏതു മതേതര ശക്തിയോടും കൂട്ടുചേരാമെന്നാണു കരടിൽ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിനു ബിജെപിയുടെ അതേ വർഗസ്വഭാവം തന്നെയാണുള്ളതെന്നാണു കരട് രാഷ്ട്രീയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നത്.
കോർപറേറ്റുകളുടെയും ഭൂവുടമകളുടെയും താത്പര്യം സംരക്ഷിക്കുന്നതിനാണ് കോണ്‍ഗ്രസും മുൻതൂക്കം നൽകുന്നത്. കോണ്‍ഗ്രസിന്റെ ജനസ്വാധീനം വ്യാപകമായി ഇടിഞ്ഞു. മതേതര പാർട്ടിയാണെന്നു സ്വയം വാദിക്കുന്പോൾത്തന്നെ വർഗീയ സംഘർഷങ്ങളെ നേരിടുന്നതിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടു. പ്രധാന പ്രതിപക്ഷമായിരിക്കുന്പോൾ തന്നെ കോണ്‍ഗ്രസും നവ ലിബറൽ നയങ്ങളെയാണു പിന്തുടരുന്നതെന്നും കരട് പ്രമേയത്തിൽ സിപിഎം കുറ്റപ്പെടുത്തുന്നു.
വർഗീയ ഫാസിസത്തെ പരാജയപ്പെടുത്താൻ കോണ്‍ഗ്രസ് ഉൾപ്പെടെ ബൂർഷ്വാ പാർട്ടികളുമായി ധാരണയാകാം എന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാൾ ഘടകവും പാർട്ടി പോളിറ്റ് ബ്യൂറോയിൽ ആവശ്യപ്പെട്ടത്. എന്നാൽ, കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഒരു തരത്തിലും വേണ്ടെന്ന പ്രകാശ് കാരാട്ട് മുന്നോട്ടുവച്ച നിലപാടുമായാണ് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിൽ യെച്ചൂരി മുന്നോട്ടുവച്ച നിലപാട് വോട്ടിനിട്ടു തള്ളിയാണു കാരാട്ടിന്റെ നിലപാട് കരടിൽ ഇടം പിടിച്ചത്.
കോണ്‍ഗ്രസിനു പുറമേ, ദേശീയ തലത്തിൽ പ്രാദേശിക കക്ഷികളുമായും സഖ്യം പാടില്ല. കേന്ദ്ര സർക്കാരിന്റെയും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെയും നവ ലിബറൽ നയങ്ങളോടാണു സിപിഎമ്മിന്റെ പോരാട്ടം. ഇതിനായി ഒരു വിശാല കൂട്ടായ്മ അടിസ്ഥാന തലം മുതൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടു വരണമെന്നാണു പാർട്ടിയുടെ ലക്ഷ്യം.
ഹിന്ദുത്വ വർഗീയവാദവും ജനദ്രോഹ സാന്പത്തിക നയങ്ങളുമായി മുന്നോട്ടു നീങ്ങുന്ന ബിജെപി സർക്കാരിനെ താഴെയിറക്കാൻ ജനാധിപത്യ, മതേതര ശക്തികളുമായി ഒരുമിച്ചു നീങ്ങണമെന്നും കരടിൽ പറയുന്നു. സംസ്ഥാനങ്ങളിൽ ബിജെപിയുമായി കൂടിച്ചേരാൻ താത്പര്യമില്ലാത്ത പ്രാദേശിക പാർട്ടികളെ ഒരുമിപ്പിച്ചു നിർത്തുമെന്നും കരട് പ്രമേയത്തിൽ പറയുന്നുണ്ട്.
സെബി മാത്യു
കോണ്‍ഗ്രസ് സഖ്യമില്ലാതെ ബിജെപിയെ പരാജയപ്പെടുത്തണം: സിപിഎം
01:10 AM Feb 14, 2018 | Deepika.com