ന്യൂഡൽഹി: ഇരട്ടപ്പദവിയുടെ പേരിൽ ഡൽഹി നിയമസഭയിൽ ആം ആദ്മി പാർട്ടിയുടെ 20 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിക്കു രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി.
എംഎൽഎ പദവിക്കു പുറമേ ഡൽഹി സർക്കാരിൽ പാർലമെന്ററി സെക്രട്ടറിമാരായി പ്രവർത്തിച്ചുവന്ന 20 എംഎൽഎമാരെ അയോഗ്യരാക്കണമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷൻ കഴിഞ്ഞ ശനിയാഴ്ചയാണ് രാഷ്ട്രപതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ശിപാർശയിൽ രാഷ്ട്രപതിയുടെ അധികാരം ഉപയോഗിച്ച് 20 എംഎൽഎമാരെ അയോഗ്യരാക്കുന്നു എന്നാണു ഇതു സംബന്ധിച്ച വിജ്ഞാപനത്തിൽ രാംനാഥ് കോവിന്ദ് പറഞ്ഞത്.
രാഷ്ട്രപതി അംഗീകാരം നൽകിയതിനു പിന്നാലെ കേന്ദ്ര നിയമമന്ത്രാലയം ഇതു സംബന്ധിച്ചു വിജ്ഞാപനവും ഇറക്കി. ആം ആദ്മി പാർട്ടിക്ക് 66 എംഎൽഎമാർ ഉണ്ടായിരുന്നത് ഇതോടെ 46 ആയി കുറഞ്ഞു. ഡൽഹിയിൽ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പിനു കളവും ഒരുങ്ങി.
ആപ് എംഎൽഎമാരുടെ അയോഗ്യത: ശിപാർശ രാഷ്ട്രപതി അംഗീകരിച്ചു
12:44 AM Jan 22, 2018 | Deepika.com