ന്യൂഡൽഹി: പരിഹാരമാകാതെ തുടരുന്ന സുപ്രീംകോടതി വിഷയത്തിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര നാലു ജഡ്ജിമാരുമായി വീണ്ടും ചർച്ച നടത്തി. വിയോജിപ്പു പ്രകടിപ്പിച്ച ജഡ്ജിമാരായ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോക്കൂർ എന്നിവരുമായി ഇന്നലെ കോടതി നടപടികൾ ആരംഭിക്കുന്നതിനു മുൻപാണ് ചർച്ച നടത്തിയത്. ബുധനാഴ്ച സുപ്രീംകോടതിയിൽ നടന്ന ജഡ്ജിമാരുടെ ഉച്ചവിരുന്നിൽനിന്നു ജസ്റ്റീസ് ജെ. ചെലമേശ്വർ വിട്ടുനിന്നിരുന്നു. സുപ്രീംകോടതിയിലെ മറ്റു ജഡ്ജിമാർ ആരും തന്നെ ഇന്നലത്തെ ചർച്ചയിൽ പങ്കെടുത്തില്ലെന്നാണു വിവരം.
കേസുകൾ വിവിധ ബെഞ്ചുകൾക്കു വീതിച്ചു നൽകുന്നത് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചു നാലു ജഡ്ജിമാർ പത്രസമ്മേളനം നടത്തിയതിനുശേഷം ചൊവ്വാഴ്ചയാണു ചീഫ് ജസ്റ്റീസ് ഇവരുമായി ചർച്ച നടത്തിയത്. തുടർന്ന് ബുധനാഴ്ചയും ഇന്നലെയും വീണ്ടും ചർച്ച നടന്നു.
അതിനിടെ, സുപ്രീംകോടതിയിൽ നാലു മുതിർന്ന ജഡ്ജിമാർ ഉയർത്തിയ വിയോജിപ്പു വിഷയത്തിൽ മാധ്യമങ്ങൾ വാർത്ത നൽകുന്നതു തടയണം എന്നാവശ്യപ്പെട്ടു വന്ന ഹർജി ഇന്നലെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. കോടതി നടപടികൾ തൽസമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ടും ഹർജിയെത്തി.
ചീഫ് ജസ്റ്റീസ് വീണ്ടും ജഡ്ജിമാരെ കണ്ടു
01:02 AM Jan 19, 2018 | Deepika.com