ബംഗളൂരു: പ്രമുഖ സിനിമാനടനും സംവിധായകനും നിർമാതാവുമായിരുന്ന കാശിനാഥ് (67)അന്തരിച്ചു. ഇന്നലെ ബംഗളൂരിലെ ശ്രീശങ്കര കാൻസർ ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഴുമാസം മുന്പ് കാൻസർ രോഗം കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. മൂന്നു ദിവസംമുന്പ് പനിയും ശ്വാസതടവും അനുഭവപ്പെട്ടതിനുപിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
1976ൽ അപരൂപാദ അതിഥികലു എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് കാശിനാഥ് സിനിമാരംഗത്തേക്കു കടന്നുവന്നത്. സുരേഷ് ഹെബ്ലിഗർ, ആനന്ദ് ദർവാർ, മമത എന്നിവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ. രണ്ടുവർഷത്തിനുശേഷം സസ്പെൻസ് ത്രില്ലർ ചിത്രമായ അപരാജിത സംവിധാനം ചെയ്തു. ഈ ചിത്രം ബേ ഷഖി എന്ന പേരിൽ ഹിന്ദിയിലേക്കു മൊഴിമാറ്റം നടത്തി. മിഥുൻ ചക്രവർത്തി, യോഗിത ബലി, അമരീഷ് പുരി എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കൾ. നിരവധി ചിത്രങ്ങളിലും കാശി അഭിനയിച്ചിട്ടുണ്ട്. അവളെ നന്ന ഹെന്ദതി എന്ന കന്നഡ ചിത്രം ജവാൻ സിന്ദാബാദ് എന്ന പേരിൽ മൊഴിമാറ്റം നടത്തി സംവിധാനം ചെയ്തു. ആമിർ ഖാൻ, ഫറ, അരുൺ ഭട്ട് എന്നിവരായിരുന്നു സിനിമായിലെ താരങ്ങൾ. പ്രശസ്ത നടൻ ഉപേന്ദ്ര, സംവിധായകൻ സുനിൽകുമാർ ദേശായി എന്നിവരെ സിനിമാമേഖലയിലേക്കു കൈപിടിച്ചുനയിച്ചത് കാശിനാഥായിരുന്നു.
കന്നഡ സിനിമാതാരം കാശിനാഥ് അന്തരിച്ചു
01:01 AM Jan 19, 2018 | Deepika.com