അഹമ്മദാബാദ്: വിശ്വഹിന്ദു പരിഷത്തി(വിഎച്ച്പി)ന്റെ ഇന്റർനാഷണൽ വർക്കിംഗ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയെ അഹമ്മദാബാദിലെ ഷാഹിബാഗിൽ അബോധാവസ്ഥയിൽ കണ്ടെത്തി.
രക്തത്തിലെ പഞ്ചസാരയുടെ അളവുകുറഞ്ഞതിനെത്തുടർന്നാണ് അദ്ദേഹം അബോധാവസ്ഥയിലായത്. തൊഗാഡിയയെ അഹമ്മദാബാദിലെ ഷാഹിബാദ് ചന്ദ്രമണി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി ഡയറക്ടർ ഡോ. രൂപ്കുമാർ അറിയിച്ചു.
തൊഗാഡിയയെ രാവിലെ മുതൽ കാണാനില്ലെന്നും കണ്ടുപിടിക്കണമെന്നും ആവശ്യപ്പെട്ട് സംഘടനാ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. തൊഗാഡിയയെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വിഎച്ച്പി ആരോപിച്ചിരുന്നത്. എന്നാൽ ഇതു വെറും കിംവദന്തി മാത്രമാണെന്നു പറഞ്ഞു പോലീസ് തള്ളിക്കളഞ്ഞിരുന്നു.പഴയൊരു കേസിൽ തൊഗാഡിയയെ അറസ്റ്റ് ചെയ്യാൻ രാജസ്ഥാൻ പോലീസ് ഇന്നലെ അഹമ്മദാബാദിൽ എത്തിയിരുന്നു. അറസ്റ്റ് നടപ്പാക്കാൻ അഹമ്മദാബാദിലെ സോലാ പോലീസ് സ്റ്റേഷന്റെ സഹായം തേടി. എന്നാൽ തൊഗാഡിയയുടെ വസതിയിലെത്തിയപ്പോൾ അദ്ദേഹത്തെ കണ്ടില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
പ്രവീൺ തൊഗാഡിയയെ അബോധാവസ്ഥയിൽ കണ്ടെത്തി
12:49 AM Jan 16, 2018 | Deepika.com